
തിരുവനന്തപുരം: തന്നെ വധിക്കാൻ ശ്രമം നടക്കുന്നുവെന്ന പരാതിയുമായി കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്. ഇതുസംബന്ധിച്ച് എംഎൽഎ ഡിജിപിക്ക് പരാതി നൽകി. എൻസിപി നേതാവും വ്യവസായിയുമായ റെജി ചെറിയാനെതിരെയാണ് പരാതി നൽകിയത്. പാർട്ടിക്കുള്ളിൽ വധശ്രമം ഉണ്ടായെന്നാണ് പരാതി. പരാതിയുടെ പകർപ്പ് റിപ്പോർട്ടർ ടി വിക്ക് ലഭിച്ചു.
തനിക്കെതിരെ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും തോമസ് കെ തോമസ് പുറത്ത് വിട്ടു. സംസ്ഥാന സമിതി അംഗം അരുൺ ഫിലിപ്പ്, എം എൽ എയുടെ അടുത്ത ആളായ സജീവന് അയച്ചതാണ് ശബ്ദസന്ദേശം. അടുത്ത തിരഞ്ഞെടുപ്പിന് തന്റെ നേതാവാകും മത്സരിക്കുക എന്നാണ് സന്ദേശത്തിലുള്ളത്. എംഎൽഎയെ കെട്ടുകെട്ടിക്കും എന്നും ശബ്ദസന്ദേശത്തിൽ വ്യക്തമാണ്.
തന്റെ ഡ്രൈവറെ പണം കൊടുത്ത് സ്വാധീനിച്ചുവെന്നും കുട്ടനാട് പാടശേഖരത്തിന് നടുവിലുള്ള ഒരു സ്ഥലത്തുവച്ച് കൃത്യം നടത്താന് പദ്ധതി തയ്യാറാക്കിയിരുന്നുവെന്നുമാണ് തോമസ് കെ തോമസ് പറയുന്നത്. 'എനിക്കെതിരെ 3 കള്ളക്കേസുകളായി. ഇനിയും കേസുകൾ വരും. ഇതുതന്നെയാണ് തോമസ് ചാണ്ടിയ്ക്കെതിരെയും നടത്തികൊണ്ടിരുന്നത്. അദ്ദേഹത്തിനെതിരെയും വളരെ മോശമായ രീതിയിൽ കേസുകൾ കൊണ്ടുവന്നു. അതെല്ലാം തള്ളിപ്പോയി. ഒരു കേസിനും പ്രസക്തിയുണ്ടായിരുന്നില്ല. എംഎൽഎ മന്ത്രിയാകും എന്നുകാണുമ്പോഴുള്ള വിഷമമാണ് ഇതിനെല്ലാം പിന്നിൽ'; തോമസ് കെ തോമസ് പറഞ്ഞു.
ഡ്രൈവർക്ക് പണം കൊടുത്ത് കൊലപെടുത്താൻ ശ്രമം എന്ന ആരോപണത്തിന് തോമസ് കെ തോമസ് കൂടുതൽ വ്യക്തത നൽകിയിട്ടുണ്ട്. ഡ്രൈവറുടെ അക്കൗണ്ടിൽ പണം വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. ആരാണ് പണം കൊടുത്തത് എന്തിനാണ് കൊടുത്തത് എന്നതിലൊക്കെ അന്വേഷണം വരട്ടെയെന്നും തോമസ് കെ തോമസ് പറഞ്ഞു. തന്നെ കൊലപെടുത്താൻ ശ്രമിക്കുന്നത് പി സി ചാക്കോയും ശിങ്കിടികളുമാണെന്നും തോമസ് കെ തോമസ് ആരോപിച്ചു. മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും പരാതി നൽകണം എന്ന് ആവശ്യപ്പെട്ടുവെന്നും തോമസ് കെ തോമസ് വെളിപ്പെടുത്തി. ശരത് പവാറിനും പരാതി നൽകും.
പിസി ചാക്കോക്കെതിരെ രൂക്ഷ വിമർശനമാണ് തോമസ് കെ തോമസ് ഉന്നയിച്ചത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവരെ പി സി ചാക്കോ സംരക്ഷിക്കുന്നു. ചാക്കോ എൻസിപിയെ കയ്യടക്കാൻ ശ്രമിക്കുന്നു. ആലപ്പുഴയിൽ പാർട്ടിയെ അട്ടിമറിച്ചത് പിസി ചാക്കോയാണെന്ന് കുറ്റപ്പെടുത്തിയ തോമസ് കെ തോമസ് ആലപ്പുഴ എൽഡിഎഫിൽ നിന്ന് പോലും എൻസിപിയെ ഒഴിവാക്കിയത് ചൂണ്ടിക്കാണിച്ചു. രണ്ട് വർഷം വീതം മന്ത്രിസ്ഥാനം പങ്ക് വയ്ക്കും എന്നായിരുന്നു പാർട്ടി തീരുമാനമെന്നും തോമസ് കെ തോമസ് വ്യക്തമാക്കി.