
May 17, 2025
11:14 AM
തിരുവനന്തപുരം: ഡോ. വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതി ജി സന്ദീപിനെ സർവീസിൽ നിന്ന് നീക്കി. ഭാവി നിയമനങ്ങൾക്കും സന്ദീപിനെ പരിഗണിക്കില്ല. വകുപ്പ് തല അന്വേഷണ നടപടികൾ പൂർത്തിയാക്കിയാണ് നടപടി. കൊല്ലം നെടുമ്പന യുപിഎസിലെ സംരക്ഷിത അധ്യാപകനായിരുന്നു പ്രതിയായ സന്ദീപ്. തസ്തിക നഷ്ടപ്പെട്ട ഇയാളെ നെടുമ്പന സ്കൂളിലേക്ക് ഹെഡ് ടീച്ചറായി വീണ്ടും നിയമിക്കുകയായിരുന്നു. വകുപ്പുതല അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിച്ചു.
സന്ദീപിന്റേത് മാതൃകാ അധ്യാപകന് ചേർന്ന നടപടി അല്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കാരണം കാണിക്കൽ നോട്ടീസ് നൽകിയ ശേഷമാണ് അച്ചടക്കനടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച അതിനീചമായ പ്രവൃത്തി അധ്യാപക സമൂഹത്തിന് അവമതിപ്പുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
2023 മെയ് 10നാണ് വന്ദനാ ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനക്കായി എത്തിച്ചതിനിടെ പ്രകോപിതനായി ഡോക്ടറെ സന്ദീപ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.