
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ അയോഗ്യത സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി ആഘോഷമാക്കി കെപിസിസി. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പ്രവർത്തകർ രാഹുലിന്റെ വിജയം ആഘോഷിച്ചു. കേക്ക് മുറിച്ചും മധുരപലഹാരം വിതരണം ചെയ്തുമായിരുന്നു ആഘോഷം. കോടതി ഉത്തരവിനെ സത്യത്തിന്റെ വിജയമെന്നാണ് യുഡിഎഫ് നേതാക്കൾ വിശേഷിപ്പിച്ചത്.
ഇന്ദിരാഭവനിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആയിരുന്നു ആഘോഷം. ഇന്ത്യൻ ജനതയ്ക്ക് ആശ്വാസം പകരുന്ന വിധി ആണിതെന്ന് ചെന്നിത്തല പറഞ്ഞു. ചരിത്ര വിധിയെന്നാണ് സുപ്രീം കോടതി വിധിയെ എ കെ ആന്റണി വിശേഷിപ്പിച്ചത്. വിധി മതേതര മുന്നേറ്റത്തിന് ഉണർവ് പകരുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാന വ്യാപകമായി ആഹ്ളാദ പ്രകടനത്തിനും കെപിസിസി ആഹ്വാനം ചെയ്തിട്ടുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിയ്ക്ക് വലിയ സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും.
രാഹുൽ ഗാന്ധിയ്ക്കെതിരായ അപകീർത്തി കേസിൽ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ അനുകൂലവിധി. ഇതോടെ രാഹുൽ ഗാന്ധിയുടെ അയോഗ്യത നീങ്ങി. ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ തയ്യാറാകാതിരുന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയായിരുന്നു രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. സൂറത്ത് സിജെഎം കോടതിയുടെ വിധി സ്റ്റേ ചെയ്യാനുള്ള രാഹുൽ ഗാന്ധിയുടെ ആവശ്യമാണ് ഇതോടെ സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നത്. ജസ്റ്റിസ് ബിആർ ഗവായ്, പിഎസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് രാഹുൽ ഗാന്ധിയുടെ ഹർജി പരിഗണിച്ചത്.
ജനാധിപത്യം വിജയിച്ചുവെന്നും ഇത് സന്തോഷത്തിന്റെ ദിനമാണെന്നുമാണ് കോൺഗ്രസ് ദേശീയ നേതൃത്വം വിധിയിൽ പ്രതികരിച്ചത്. 'ഇത് രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും വിജയമാണ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയം. എല്ലാവരുടെയും അനുഗ്രഹം രാഹുലിനുണ്ട്. നീതി മറച്ചുവെക്കാൻ കഴിയില്ല എന്നതിന്റെ ഉദാഹരണമാണ് വിധി', മല്ലികാർജുൻ ഖാർഗെ പറഞ്ഞു.