'രഞ്ജിത്ത് ചെയർമാൻ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല'; വിനയനെ പിന്തുണച്ച് സിപിഐ

'അന്വേഷണം പൂർത്തിയാകുന്നതുവരെ രഞ്ജിത്ത് ആ സ്ഥാനത്ത് നിന്ന് മാറി നിൽക്കട്ടെ'

dot image

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ വിവാദത്തിൽ സംവിധായകൻ വിനയന് പിന്തുണയുമായി സിപിഐ നേതാവ് പ്രകാശ് ബാബു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്ത് യോഗ്യനല്ല എന്നും വിനയൻ ഉന്നയിച്ചിട്ടുള്ള ആരോപണം വളരെ ഗൗരവമുള്ളതാണെന്നും പ്രകാശ് ബാബു പറഞ്ഞു.

രഞ്ജിത്ത് തന്റെ പദവിയെ ദുരുപയോഗം ചെയ്തു. അതുകൊണ്ടു തന്നെ അദ്ദേഹം അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്നും പ്രകാശ് ബാബു റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

പ്രകാശ് ബാബു പറഞ്ഞത്

ചലച്ചിത്ര പുരസ്കാരത്തിന് വേണ്ടി ജൂറിയെ ചുമതലപ്പെടുത്തുന്നത് നിഷ്പക്ഷമായും നീതിയുക്തമായുമുള്ള തീരുമാനങ്ങളെടുക്കുന്നതിനു വേണ്ടിയാണ്. അങ്ങനെയുള്ള ജൂറിയെ ചലച്ചിത്ര അക്കാദമി ചെയർമാൻ എന്നല്ല ആരായാലും സ്വാധീനിക്കുന്നത് തെറ്റായ സമീപനം തന്നെയാണ്. ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായ രഞ്ജിത്ത് ആ നിലയിൽ വിനയനോ അദ്ദേഹത്തിന്റെ സിനിമയ്ക്കോ എതിരായ നിലപാടെടുക്കുന്നതിന് വേണ്ടി ജൂറി അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നുള്ള ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.

ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ഇന്നലെ ജെൻസി ഗ്രിഗറിയും ഇക്കാര്യം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ വിനയൻ ഉന്നയിച്ചിട്ടുള്ള ആരോപണം വളരെ ഗൗരവമുള്ളതാണ്. അത് അന്വേഷിക്കുന്നതിന് മുഖ്യമന്ത്രിയും നിർദേശം കൊടുത്തിട്ടുണ്ട്. അതിനെ ഞാൻ സ്വാഗതം ചെയ്യുന്നു.

രഞ്ജിത്ത് തന്റെ പദവിയെ ദുരുപയോഗം ചെയ്തു. അതുകൊണ്ടു തന്നെ അദ്ദേഹം അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് നിന്ന് മാറി നിൽക്കണം. അതിന് ശക്തമായ നടപടി ഉണ്ടാവുകയും വേണം.

വിനയനെതിരെ മുൻപും സിനിമാ മേഖലയിൽ നിന്ന് ചില എതിർപ്പുകളുണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ച് കോടതി കയറി, തന്റെ ഭാഗം ശരിയാണെന്ന് നിയമയുദ്ധം നടത്തി തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. വീണ്ടും സുഗമമായ ഒരന്തരീക്ഷത്തിൽ വിനയൻ പുതിയ സിനിമയിറക്കിയതാണ്. അതിന് ഒരംഗീകാരവും ലഭിക്കാൻ പാടില്ല എന്ന നിലയിൽ രഞ്ജിത്ത് ഇടപെട്ടു എന്ന ആരോപണം ഗുരുതരമായ വിഷയമാണ്.

സിപിഐയുടെ യുവജന വിഭാഗമായ എഐവൈഎഫും വിനയന് പിന്തുണയറിയിച്ചെത്തിയിരുന്നു. ചെയർമാന്റെ പ്രവൃത്തി ഗുരുതരമായ കുറ്റകൃത്യമാണെന്നും അന്വേഷണം ഊർജ്ജിതമാക്കണമെന്നുമാവശ്യപ്പെട്ട് എഐവൈഎഫ് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image