
തിരുവനന്തപുരം: മുതലപ്പൊഴിയില് വീണ്ടും അപകടം. 15 പേരാണ് വള്ളത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. വള്ളത്തില് കൂടുതല് ആളുകളുണ്ടോ എന്നറിയാന് പരിശോധന തുടരുകയാണ്. നിലവില് 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 12 പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്ന് രാവിലെ മത്സ്യബന്ധനത്തിനായി പോയ ബുറാഖ് എന്ന വള്ളമാണ് മറിഞ്ഞത്. വള്ളം മറിഞ്ഞ് ഉടന് തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. വള്ളത്തില് പിടിച്ചു കിടത്തിയിരുന്ന രണ്ട് പേരെ ആദ്യം തന്നെ മറ്റു വള്ളങ്ങളിലെത്തിയവർ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീടാണ് ബാക്കിയുള്ളവരെയും രക്ഷിച്ച് കരയ്ക്കെത്തിച്ചത്. വലിയ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ തന്നെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസിനെയും മറൈൻ എൻഫോഴ്സിനെയും അറിയിച്ചിട്ടും കൃത്യസമയത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയില്ലെന്ന് പരാതിയും ഉണ്ട്. മണൽ കൂടിക്കിടന്നാണ് അപകടമുണ്ടാകുന്നത്. അടിയന്തരമായി മണൽ നീക്കം ചെയ്തില്ലെങ്കിൽ ഇനിയും അപകടം ഉണ്ടാകുമെന്നും മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടി.