
കോഴിക്കോട്: ചലച്ചിത്ര അക്കാദമി ചെയർമാൻ ജൂറിയെ സ്വാധീനിക്കുന്നത് ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണെന്നും രഞ്ജിത്തിന് എതിരെയുള്ള പരാതിയിൽ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. ഉയർന്നു വന്ന ആരോപണങ്ങൾ ഗുരുതരമാണ്. രഞ്ജിത്തിൻ്റെ ഭാഷയും പ്രതികരണങ്ങളും അക്കാദമി ചെയർമാന് യോജിക്കാത്തതാണെന്നും മാടമ്പി സ്റ്റൈലിൽ ഉള്ള പ്രസ്താവനകൾ രഞ്ജിത്ത് നടത്തുന്നുവെന്നും ജിസ്മോൻ ആരോപിച്ചു.
ജൂറി അംഗങ്ങളുടെ ശബ്ദരേഖ പുറത്ത് വന്നത് പരിശോധിക്കണം രഞ്ജിത്ത് കുറ്റക്കാരൻ ആണെങ്കിൽ തൽസ്ഥാനത്ത് നിന്ന് നീക്കണം. മികച്ച സംവിധായകനും അഭിനേതാവുമാണ് രഞ്ജിത്ത്. മന്ത്രിയുടെ പ്രസ്താവന കണ്ടു. പരാതിയിലെ ആരോപണം തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് ഇരിക്കുന്നത് ഗുണകരം അല്ല എന്നും അഭിപ്രായപ്പെട്ട ജിസ്മോൻ വിനയൻ അവാർഡിന് പുറകെ പോകുന്ന ആൾ ആണ് എന്ന അഭിപ്രായം ഇല്ലെന്നും ധാർമിക പിന്തുണ വിനയന് നൽകുമെന്നും കൂട്ടി ചേർത്തു.
വിനയന്റെ സംവിധാനത്തിലൊരുങ്ങിയ 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തെ പുരസ്കാര നിർണയത്തിൽ നിന്ന് തടയാൻ രഞ്ജിത്ത് ഇടപെട്ടിരുന്നു എന്നാരോപിച്ച് വിനയൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. രഞ്ജിത്ത് ഈ വിഷയത്തിൽ പ്രതികരിച്ചില്ലെങ്കിൽ തെളിവ് പുറത്തുവിടുമെന്നായിരുന്നു വിനയൻ പറഞ്ഞത്.
എന്നാൽ പ്രതികരിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് തയ്യാറായിരുന്നില്ല. തുടർന്ന് നേമം പുഷ്പരാജിന്റെ ശബ്ദരേഖ വിനയൻ പുറത്തുവിടുകയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്തിന് അർഹതയില്ലെന്നും അവാർഡ് നിർണയത്തിൽ അനധികൃതമായി ഇടപെട്ടിട്ടുണ്ടെന്നുമാണ് പുറത്തുവിട്ട ശബ്ദരേഖയിൽ ഉണ്ടായിരുന്നത്.
പത്തൊമ്പതാം നൂറ്റാണ്ട് സിനിമയ്ക്ക് മൂന്ന് വിഭാഗങ്ങളിലായാണ് പുരസ്കാരം ലഭിച്ചത്. എന്നാൽ സിനിമയ്ക്ക് പുരസ്കാരം നൽകാൻ തീരുമാനിച്ച സമയത്തും രഞ്ജിത്ത് ഇടപെടാൻ ശ്രമിച്ചുവെന്ന ആരോപണമുയർന്നിരുന്നു. ചിത്രത്തിന് പുരസ്കാരം നൽകരുതെന്ന് ജൂറി അംഗങ്ങളോട് രഞ്ജിത്ത് നേരിട്ട് ആവശ്യപ്പെട്ടിരുന്നതായി വിനയൻ പറഞ്ഞു. വിഷയത്തില് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് വിനയന്.