
ഷൊർണൂർ: ട്രെയിൻ യാത്രക്കാരന്റെ ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ പിടിയിൽ. കോഴിക്കോട് ചേവായൂർ കൊടുവാട്ട് പറമ്പിൽ പ്രജീഷ് (48) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. ഇയാൾ ഫോൺ തന്റേതാണെന്ന് അവകാശപ്പെട്ടെങ്കിലും ലോക്ക് തുറക്കാനാവാതെ വന്നതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തെക്കുറിച്ച് റെയിൽവേ പൊലീസ് പറയുന്നതിങ്ങനെ, ഗോവ സ്വദേശിയായ ഭരത് പ്രകാശ് പ്രജാപത് കുടുംബസമേതം ചൊവ്വാഴ്ച പുലർച്ചയാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. ബംഗളൂരുവിലേക്ക് പോകാനുള്ള ട്രെയിൻ കാത്തിരിക്കുന്നതിനിടെ ഭരത് പ്ലാറ്റ്ഫോമിലെ സിമന്റ് ബെഞ്ചിൽ കിടന്നുറങ്ങി. ഈ തക്കം നോക്കി പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ പ്രതി മോഷ്ടിക്കുകയായിരുന്നു.
ഫോൺ കാണാത്തതിനെ തുടർന്ന് ഭരത് രാവിലെ ഒമ്പതോടെ റെയിൽവേ പൊലീസിൽ പരാതി നൽകി. തുടർന്ന് പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങിയിരുന്ന ആളെ വിളിച്ചുണർത്തി പൊലീസ് ചോദ്യം ചെയ്തു. പരസ്പരബന്ധമില്ലാതെ ഉത്തരം നൽകിയ ഇയാളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ബാഗിൽ നിന്ന് കണ്ടെത്തിയ ഫോൺ തന്റേതാണെന്ന് പറഞ്ഞെങ്കിലും ലോക്ക് തുറക്കാൻ പ്രതിക്ക് കഴിഞ്ഞില്ല.
തുടർന്ന് പരാതിക്കാരന്റെ മൊബൈൽ നമ്പറിലേക്ക് വിളിച്ചപ്പോൾ പ്രസ്തുത ഫോൺ റിങ് ചെയ്തു. ഇതോടെ പ്രജീഷിനെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.