REPORTER IMPACT: ബ്ലാക് സ്പോട്ടുകളിൽ സുരക്ഷ ഉറപ്പാക്കുമെന്ന് കളക്ടർ

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്നും കളക്ടർ വ്യക്തമാക്കി.

dot image

കൊച്ചി: എറണാകുളം ജില്ലയിലെ ബ്ലാക് സ്പോട്ടുകളിൽ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്. ബ്ലാക് സ്പോട്ടുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സംസാരിച്ച് ഇക്കാര്യം ഉടൻ തീരുമാനിക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്നും കളക്ടർ വ്യക്തമാക്കി. റിപ്പോർട്ടർ ടിവി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ സുജയ പാർവ്വതിയോടായിരുന്നു കളക്ടറുടെ പ്രതികരണം. കഴിഞ്ഞ ദിവസം ആലുവ മാർക്കറ്റിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ റിപ്പോർട്ടർ നടത്തിയ അന്വേഷണത്തിൽ മാർക്കറ്റ് ഉൾപ്പടെ നിരവധി സ്ഥലങ്ങൾ സാമൂഹിക വിരുദ്ധരുടെ കേന്ദ്രങ്ങളായി മാറിയെന്ന് കണ്ടെത്തിയിരുന്നു. ഈ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കിയിരിക്കുന്നത്.

അതിഥി തൊഴിലാളികൾക്ക് ആധാർ കാർഡ് ഉറപ്പാക്കും. ക്രിമിനൽ പശ്ചാത്തലമുള്ളവർ ക്യാമ്പിലുണ്ടോ എന്ന് പരിശോധിക്കും. ഇതിനായി ക്യാമ്പുകൾ സംഘടിപ്പിക്കും. നാട്ടുകാരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കും. മയക്കുമരുന്നിന് തടയിടാൻ പരിശോധന വർധിപ്പിക്കുമെന്നും കളക്ടർ പറഞ്ഞു. വിവിധ വകുപ്പുകളുമായി സഹകരിച്ച് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാനാണ് നടപടി.

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നതിലും കളക്ടർ പ്രതികരിച്ചു. ഒഴിവാക്കാനാകാത്ത മെഡിക്കൽ ആവശ്യമുണ്ടായിരുന്നതിനാൽ ജില്ലയ്ക്ക് പുറത്തായിരുന്നുവെന്നും അതിനാലാണ് കുട്ടിയുടെ സംസ്കാര ചടങ്ങിന് എത്താൻ കഴിയാതിരുന്നതെന്നും കളക്ടർ പറഞ്ഞു.

ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവിനെ വിവരം അറിയിച്ചിരുന്നു. സർക്കാർ പ്രതിനിധിയായി തഹസിൽദാർ അടക്കമുള്ളവരെ നിയോഗിച്ചിരുന്നതായും കളക്ടർ വ്യക്തമാക്കി. ഞായറാഴ്ച വൈകിട്ട് കുട്ടിയുടെ മാതാപിതാക്കളെ കണ്ടിരുന്നു,
കുടുംബത്തിന് ഒരു ലക്ഷം രൂപ അടിയന്തര ധനസഹായം കൈമാറും. കുട്ടിയുടെ കുടുംബത്തിനൊപ്പം സർക്കാരുണ്ടാകുമെന്നും കളക്ടർ റിപ്പോർട്ടറിനോട് പറഞ്ഞു.

dot image
To advertise here,contact us
dot image