'സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ അദൃശ്യകരങ്ങൾ'; ആരോപണവുമായി ഐജി

'തിരശ്ശീലക്ക് പിന്നിൽ നിന്ന് നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്യാൻ ക്രൈംബ്രാഞ്ചിന് നിർദേശം നൽകുന്നതും ഇതേ അധികാര കേന്ദ്രം'

dot image

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിൽ സാമ്പത്തിക ഇടപാടുകളടക്കം നിയന്ത്രിക്കാൻ ഒരു അദൃശ്യകരം പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണവുമായി മോൻസൺ മാവുങ്കൽ കേസിൽ പ്രതിയായ ഐജി ഗുഗുലോത്ത് ലക്ഷ്മൺ. ഈ അസാധാണ ഭരണഘടനാ അതോറിറ്റി ചില സാമ്പത്തിക ഇടപാടുകളിൽ ഒത്തുതീർപ്പുണ്ടാക്കുകയും ഇടനിലക്കാരനാവുകയും മധ്യസ്ഥം വഹിക്കുകയും ചെയ്യുന്നു. തന്നെ പ്രതിയാക്കിയത് പോലെ തിരശ്ശീലക്ക് പിന്നിൽ നിന്ന് നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്യാൻ ക്രൈംബ്രാഞ്ചിന് നിർദേശം നൽകുന്നതും ഇതേ അധികാര കേന്ദ്രമാണെന്നും ഐജി ആരോപിച്ചു. മോൻസൺ മാവുങ്കൽ കേസിൽ തന്നെ മൂന്നാം പ്രതിയാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഐജിയുടെ ഗുരുതര ആരോപണമുളളത്.

ഹൈക്കോടതി വിവിധ ആർബിട്രേറ്റർമാർക്ക് കൈമാറിയ തർക്കവിഷയങ്ങൾപോലും ഈ അധികാരകേന്ദ്രം ഇടപെട്ട് ഒത്തുതീർപ്പാക്കിയെന്നും ഐജി ലക്ഷ്മൺ ആരോപിച്ചു. ചോദ്യം ചെയ്യാൻ ജൂലൈ 31ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഐജിക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

മോൻസൺ തട്ടിപ്പുകേസിൽ 2021 സെപ്റ്റംബർ 23ലെ ആദ്യ എഫ്ഐആറിൽ തന്റെ പേര് ഉണ്ടായിരുന്നില്ല. സാക്ഷികളും തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. കേസിൽ പങ്കുണ്ടോ എന്നതിൽ നേരത്തേ നടന്ന വകുപ്പുതല അന്വേഷണത്തിലും പങ്കില്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും ഐജി സമർപ്പിച്ച ഹർജിയിൽ പറയുന്നു.

കേസിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നാണ് എഡിജിപി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. ഒരു തെളിവുമില്ലാതെയാണ് തന്നെ പ്രതിയാക്കിയത്. തട്ടിപ്പിന് ഇരയായവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും തന്നെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും ഐജി ലക്ഷ്മൺ പറയുന്നു. ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ പൊലീസ് ട്രെയിനിങ് ചുമതലയുള്ള ഐജിയാണ് ലക്ഷ്മൺ. കഴിഞ്ഞ ജൂൺ ഒൻപതിനാണ് മോൻസൻ മാവുങ്കൽ തട്ടിപ്പുകേസിൽ ലക്ഷ്മണിനെ മൂന്നാംപ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

dot image
To advertise here,contact us
dot image