'വെറും ഗണേശന് ക്യാമറ കണ്ടാൽ ശിവാജി ഗണേശനെന്ന് തോന്നും'; ഗണേഷ് കുമാറിനു മറുപടിയുമായി വിനായകൻ

ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയരുകയും പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു

dot image

നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി നടൻ വിനായകൻ. വിനോദ് അഴിക്കേരി എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് വിനായകന്റെ മറുപടി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തിനു പിന്നാലെ അദ്ദേഹത്തെ അധിക്ഷേപിച്ചു ലൈവ് വീഡിയോ പങ്കുവച്ച വിനായകനെ ഗണേഷ് കുമാർ രൂക്ഷമായി വിമർശിച്ചിരുന്നു. വിനായകൻ അന്തസ്സില്ലാത്ത പ്രവൃത്തിയാണ് ചെയ്തതെന്നും സ്വന്തം അച്ഛൻ ചത്തു എന്നു പറയുന്നയാളുടെ സംസ്കാരം എത്ര നിലവാരം കുറഞ്ഞതാണെന്ന് സമൂഹം മനസ്സിലാക്കണമെന്നുമാണ് ഗണേഷ് പ്രതികരിച്ചത്.

‘അച്ഛൻ കള്ളൻ ആണെന്നു പറയുന്നതിനേക്കാൾ അന്തസ്സുണ്ട് അച്ഛൻ ചത്തു എന്നു പറയുന്നതിൽ’ എന്നു തുടങ്ങുന്ന പോസ്റ്റ് ആണ് വിനായകൻ പങ്കുവെച്ചിരിക്കുന്നത്. മാടമ്പി ഗണേശൻ എന്നാണ് പോസ്റ്റിൽ ഗണേഷിനെ വിശേഷിപ്പിക്കുന്നത്. 'വെറും ഗണേശന് ചുറ്റും മൈക്കും ക്യാമറയും കാണുമ്പോൾ ഞാൻ ശിവാജി ഗണേശൻ ആണെന്ന് ചിലപ്പോൾ തോന്നും. അതൊന്നും ഒരു തെറ്റല്ല, അധികം സംസ്കാരം ഞങ്ങളെ പഠിപ്പിക്കാൻ വന്നാൽ നിന്റെ വാച്ച് ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഇരിക്കുന്ന കഥ വരെ ഞങ്ങൾ തോണ്ടി പുറത്തിടും,' എന്നാണ് വിനായകൻ പങ്കുവച്ച കുറിപ്പിലെ പരാമർശങ്ങൾ.

ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയരുകയും പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു. 'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്,' എന്നിങ്ങനെയായിരുന്നു വിനായകന്റെ പരാമർശം. വിനായകനു പിന്തുണയുമായും നിരവധിപേര് രംഗത്തുണ്ട്. അതിലൊരാളുടെ പോസ്റ്റ് പങ്കുവച്ചാണ് വിനായകൻ ഗണേഷിന്റെ വിമർശനങ്ങള്ക്കു മറുപടി പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനായകനെ കെ ബി ഗണേഷ് കുമാർ രൂക്ഷമായി വിമർശിച്ചത്.

dot image
To advertise here,contact us
dot image