
കോട്ടയം: പുതുപ്പള്ളിയില് ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് നീങ്ങാന് സിപിഐഎം. കേന്ദ്ര കമ്മിറ്റി, പി ബി യോഗങ്ങള്ക്ക് ശേഷം ഒരുക്കങ്ങളിലേക്ക് കടക്കാന് സംസ്ഥാന സെക്രട്ടറിയേറ്റില് ധാരണയായി. പുതുപ്പള്ളിയില് ഉപതിരഞ്ഞെടുപ്പ് വൈകില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്. ഇത് മുന്നില് കണ്ട് വൈകാതെ ഒരുക്കങ്ങള് ആരംഭിക്കാനാണ് പാര്ട്ടിയിലെ ധാരണ.
അടുത്ത മാസം 5, 6, 7 തീയതികളില് പോളിറ്റ് ബ്യുറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങള് ഡല്ഹിയില് ചേരുകയാണ്. ഇതിന് ശേഷമാകും തിരഞ്ഞെടുപ്പ് രംഗത്ത് സിപിഐഎം സജീവമാവുക. പുതുപ്പള്ളിയില് സഹതാപ തരംഗം മറികടക്കുകയാണ് സിപിഐഎം നേരിടുന്ന പ്രധാന വെല്ലുവിളി. രണ്ട് തവണ ഉമ്മന്ചാണ്ടിയെ നേരിട്ട യുവ നേതാവ് ജെയ്ക്ക് സി തോമസിന്റെ പേരാണ് വീണ്ടും ഉയരുന്നത്.
പുതുപ്പള്ളിയില് ആറുമാസത്തിനുള്ളില് ഉപതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. കഴിഞ്ഞ 53 വര്ഷമായി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉമ്മന് ചാണ്ടിക്ക് സ്വന്തം കുടുംബത്തില് നിന്ന് തന്നെ പിന്ഗാമി ഉണ്ടാകുമോ എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളില് സജീവമാണ്. ഉമ്മന് ചാണ്ടിയുടെ മരണം സൃഷ്ടിച്ച സഹതാപതരംഗം കൂടി പ്രയോജനപ്പെടുത്തുന്ന സ്ഥാനാര്ത്ഥി നിര്ണ്ണയത്തിനാകും കോണ്ഗ്രസ് പ്രധാന്യം നല്കുക. നിലവിലെ സാഹചര്യത്തില് ചാണ്ടി ഉമ്മനോ, അച്ചു ഉമ്മനോ പുതുപ്പള്ളിയില് നിന്നും മത്സരിക്കാനാണ് സാധ്യത.
ഉമ്മന് ചാണ്ടിയുടെ മകനും യൂത്ത് കോണ്ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്റെ പേരിനാണ് നിലവില് മുന്ഗണന. എന്നാല് ഒരുവിഭാഗം കോണ്ഗ്രസ് നേതാക്കള് മകള് അച്ചു ഉമ്മനെ മത്സരിപ്പിക്കണമെന്ന അഭിപ്രായക്കാരാണ്. ഈ വിഷയത്തില് പാര്ട്ടി തീരുമാനം എന്നതില് ഉപരി ആര് മത്സരിക്കണമെന്ന് ഉമ്മന് ചാണ്ടിയുടെ കുടുംബം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഭൂരിപക്ഷം കോണ്ഗ്രസ് നേതാക്കളും.