
മലപ്പുറം: ദയയുടെ ആൾരൂപമെന്നല്ലാതെ ഉമ്മൻ ചാണ്ടിയെ കുറിച്ച് മറ്റൊരു വാക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവും എം പിയുമായ ഇ ടി മുഹമ്മദ് ബഷീർ. വലിയ ദയാലുവായിരുന്നു ഉമ്മൻ ചാണ്ടി. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അദ്ദേഹത്തെ പോലെ വേറെ ഒരാളുണ്ടാകില്ല. തനിക്ക് നേരെ എന്ത് കൊടുംകാറ്റ് വന്നാലും പതറാത്ത പ്രകൃതമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. കേരള രാഷ്ട്രീയത്തിലെ പരിശുദ്ധനായ നേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്നുവെന്നും ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.
ഇന്ന് പുലർച്ചെ 4.25 ന് ബെംഗളുരുവിലെ ചിന്മയ മിഷൻ ആശുപത്രിയിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. ക്യാൻസർ ബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. മകൻ ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ മരണവിവരം അറിയിച്ചത്. രാവിലെ 9 മണി മുതൽ 10.30 വരെ ബെംഗളുരുവിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം 11.30 ഓടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. ജൂലൈ 20 നായിരിക്കും അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങുകൾ നടക്കുക.