മുതലപ്പൊഴി; അശാസ്ത്രീയമായ ഹാർബർ നിർമ്മാണമാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന് സജി ചെറിയാൻ

പുനർനിർമ്മാണത്തിനുള്ള പഠനങ്ങൾ നടക്കുന്നുണ്ടെന്നും വിദഗ്ധ സമിതി റിപ്പോർട്ട് ഡിസംബറിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു

dot image

തിരുവനന്തപുരം: അശാസ്ത്രീയമായ ഹാർബർ നിർമ്മാണമാണ് മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന് മന്ത്രി സജി ചെറിയാൻ. പുനർനിർമ്മാണത്തിനുള്ള പഠനങ്ങൾ നടക്കുന്നുണ്ടെന്നും വിദഗ്ധ സമിതി റിപ്പോർട്ട് ഡിസംബറിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടത്തിൽ പെട്ട നാല് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും അനാഥമാകില്ല. അപകടവുമായി ബന്ധപ്പെട്ട് ജില്ലയിലെ മന്ത്രിമാരുമായി പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

'മുതലപ്പൊഴിയിൽ ഹാർബർ നിർമ്മിക്കാനുള്ള അനുമതി ലഭിച്ചത് 2000-ലാണ്. കഴിഞ്ഞ 22 വർഷത്തിനിടയിൽ 29 മരണമാണ് ഉണ്ടായത്. ഹാർബർ നിർമ്മാണത്തിലെ അപാകതകളാണ് കാരണമെങ്കിൽ നവീകരിക്കും. സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തുകഴിഞ്ഞു. നാളെ മുഖ്യമന്ത്രിയുമായി വിഷയം സംസാരിക്കും. 70 ശതമാനത്തോളം ഡ്രഡ്ജിങ് അദാനി ഗ്രൂപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. കാലാവസ്ഥാ പ്രശ്നം കാരണമാണ് അവശേഷിക്കുന്ന പണികൾ നിർത്തി വെച്ചത്. കേന്ദ്ര സംഘം മുതലപ്പൊഴി സന്ദർശിക്കാൻ വരുന്നത് നല്ല കാര്യമാണ്. ഇത് സംസ്ഥാനത്തിന്റെ മാത്രം പ്രശ്നമല്ല. എല്ലാവരും ചേർന്ന് അപകടം ഉണ്ടാകാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്യും. സഭ സർക്കാരിന് ഒപ്പമാണ്'. സജി ചെറിയാൻ പറഞ്ഞു.

അതേസമയം തുടർച്ചയായി ബോട്ട് അപകടങ്ങൾ നടക്കുന്ന മുതലപ്പൊഴി നാളെ കേന്ദ്ര സംഘം സന്ദർശിക്കും. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഉൾപ്പെടുന്ന വിദഗ്ധസംഘമാണ് തിങ്കളാഴ്ച എത്തുന്നത്. കേന്ദ്ര സഹമന്ത്രിയെ കൂടാതെ ഫിഷറീസ് ഡെവലപ്പ്മെൻ്റ് കമ്മീഷണർ, ഫിഷറീസ് അസിസ്റ്റൻ്റ് കമ്മീഷണർ, സിഐസിഇഎഫ് ഡയറക്ടർ എന്നിവരാണ് സംഘത്തിലുള്ളത്.

dot image
To advertise here,contact us
dot image