റിപ്പോര്ട്ടര് ടിവി ഇന്വെസ്റ്റിഗേഷന് കണ്ടെത്തല് പാര്ലമെന്റില് ഉന്നയിക്കാന് എ എ റഹീം എംപി

റിപ്പോര്ട്ടര് ടിവി പുറത്ത് കൊണ്ടുവന്നത് ഗൗരവത്തില് ഇടപെടേണ്ട വിഷയമെന്ന് എ എ റഹീം എംപി

dot image

കൊച്ചി: റിപ്പോര്ട്ടര് ടിവി സ്പെഷ്യല് ഇന്വെസ്റ്റിഗേഷന് ടീം നടത്തിയ റെയിൽവെ സുരക്ഷ സംബന്ധിച്ച വാര്ത്തയില് ഇടപെടലുമായി എ എ റഹിം എം പി. റിപ്പോര്ട്ടര് ടിവി പുറത്ത് കൊണ്ടുവന്നത് ഗൗരവത്തില് ഇടപെടേണ്ട വിഷയമെന്ന് എ എ റഹീം എം.പി റിപ്പോർട്ടറിനോട് പറഞ്ഞു. അടുത്ത പാര്ലമെന്റ് സമ്മേളനത്തില് വിഷയം ഉന്നയിക്കും. ഞാണിന്മേല് കളി പോലെ ജനങ്ങളെ, ജീവന് മരണ പോരാട്ടത്തിന് വിട്ട് നല്കുകയാണ്. ട്രാക്ക് മെയിൻ്റനൻസിനു പോലും സുരക്ഷ ഒരുക്കാന് റെയില്വേ തയ്യാറാകുന്നില്ലെന്നും എ എ റഹീം കുറ്റപ്പെടുത്തി.

ട്രാക്കിലോടാത്ത സുരക്ഷയെന്ന റിപ്പോര്ട്ടര് ടിവിയുടെ സ്പെഷ്യല് ഇന്വെസ്റ്റിഗേഷന് ടീം നടത്തിയ അന്വേഷണം റെയില് സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി പാളിച്ചകളാണ് വെളിച്ചത്ത് കൊണ്ടുവന്നത്. കാര്യക്ഷമമല്ലാത്ത റെയില് സുരക്ഷിതത്വ സംവിധാനങ്ങള് പോലും നോക്കുകുത്തിയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്പെഷ്യല് ഇന്വെസ്റ്റിഗേഷന് ടീം നടത്തിയ അന്വേഷണത്തിലൂടെ പുറത്ത് വന്നത്.

രാജ്യത്തെ ഞെട്ടിച്ച എലത്തൂര് ട്രെയിന് തീവെപ്പ് കേസ് നടന്ന് മാസങ്ങള് മാത്രമാകുമ്പോള് റെയില്പാളങ്ങളില് കേള്ക്കുന്നത് അരക്ഷിതത്വത്തിന്റെ ചൂളം വിളിയാണ്. ലഭ്യമായ സുരക്ഷാസംവിധാനങ്ങള് പോലും റെയില്വേ ഉപയോഗിക്കുന്നില്ല. ബാഗേജ് സ്കാനറുകളും നോക്കുകുത്തിയാവുകയാണ്. ലേഡീസ് കംപാര്ട്ട്മെന്റുകളില് പോലും മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്നാണ് റിപ്പോര്ട്ടര് സ്പെഷ്യല് ഇന്വെസ്റ്റിഗേഷന് ടീം നടത്തിയ അന്വേഷണത്തില് വ്യക്തമാകുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എപ്പോഴും അറിയിപ്പുകള് നല്കുന്ന റെയില്വേ യാത്രക്കാരുടെ സുരക്ഷയ്ക്കായി എന്താണ് ചെയ്യുന്നത് എന്നത് ചോദ്യചിഹ്നമാണ്. ആര്ക്കും എങ്ങനെയും റെയില്വേ സ്റ്റേഷനുകളില് കയറിയിറങ്ങാം എന്നാണ് അവസ്ഥ. ഏതൊരു വസ്തുവും അനായാസം ട്രെയിനില് കടത്താം. മിക്ക സ്റ്റേഷനുകളിലും രാത്രിയായാല് ആവശ്യത്തിന് വെളിച്ചം പോലുമില്ല. വനിതകള്ക്കെതിരായ അതിക്രമങ്ങള് വര്ധിക്കുമ്പോഴും ട്രെയിനിലെ വനിതാ കംപാര്ട്ട്മെന്റ് ഇപ്പോഴും പിന്നില് തന്നെയാണ്. മാത്രമല്ല ഇതിനകത്ത് സുരക്ഷ ഉറപ്പിക്കാന് ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമില്ല.

എലത്തൂരിന് ശേഷം നമ്മുടെ സംവിധാനങ്ങള് പാഠം പഠിച്ചോ എന്നറിയാന് റിപ്പോര്ട്ടര് എസ്ഐടി ടീം നടത്തിയ അന്വേഷണം വ്യക്തമാക്കുന്നത് ഇല്ല എന്ന് തന്നെയാണ്. പെട്രോള് എന്ന് ഒറ്റനോട്ടത്തില് തോന്നുന്ന എനര്ജി ഡ്രിങ്ക് മിനറല് വാട്ടര് കുപ്പിയിലാക്കി പരസ്യമായി പിടിച്ചുകൊണ്ടാണ് റിപ്പോര്ട്ടര് പ്രതിനിധി ബിനില് പോത്തന് ബാബു എറണാകുളത്തെ പ്രധാനപ്പെട്ട രണ്ട് റെയില്വേ സ്റ്റേഷനിലെത്തിയത്. എന്നാല് ഉദ്യോഗസ്ഥരുടെ മുന്നില് ചെന്ന് നിന്നിട്ട് പോലും ആരും ഇതേകുറിച്ച് ചോദിച്ച് പോലുമില്ല.

മെറ്റല് ഡിക്ടക്റ്ററുടെ പുറത്ത് കൂടി ആളുകള് അകത്തേക്ക് പ്രവേശിക്കുന്നത് കണ്ടാല് പോലും ഉദ്യോഗസ്ഥര് തടയില്ല. പല സ്റ്റേഷനുകളിലും ബാഗേജ് സ്കാനറുകളും മെറ്റല് ഡിക്ടക്റ്ററുകള് കാണാന് പോലും സാധിക്കില്ല. ആര്ക്കും എവിടെ നിന്നും എങ്ങനെയും റെയില്വേ സ്റ്റേഷനുകളില് കയറാം എന്നതാണ് മറ്റൊരു കാര്യം. സുരക്ഷാ ഉദ്യോഗസ്ഥരില്ലാത്ത കവാടത്തിലൂടെ മാത്രമല്ല, ഇടിഞ്ഞ് കിടക്കുന്ന മതിലുകള് കടന്നും തിരുവനന്തപുരം സെന്ട്രല് റെയില്വേ സ്റ്റേഷനുള്ളിലേക്ക് അനായാസം പ്രവേശിക്കാം.

സ്ത്രീ സുരക്ഷക്കുമില്ല പരിഗണന

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയില്വേ സ്റ്റേഷനുകളും രാത്രിയില് മതിയായ സുരക്ഷാ സംവിധാനങ്ങള് ഇല്ലാതെ ഇരുട്ടില് തന്നെയാകും. ട്രെയിനിലെ വനിതാ കംപാര്ട്ട്മെന്റ് നിര്ത്തുന്ന സ്ഥലം ഇപ്പോഴും ഇരുട്ടിലാണെന്നാണ് റിപ്പോര്ട്ടര് അന്വേഷണത്തില് വ്യക്തമാകുന്നത്. സ്ത്രീസുരക്ഷയ്ക്കായി വന്ന പല നിര്ദേശങ്ങളില് ഒന്നായിരുന്നു ലേഡീസ് കംപാര്ട്ട്മെന്റ് ട്രെയിനിന് നടുവില് ആക്കണമെന്നത്. എന്നാല് ഈ നിര്ദേശവും പാലിക്കപ്പെട്ടിട്ടില്ല.

മതിയായ സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവാണ് നാളിതുവരെയായിട്ടും പരിഹരിക്കാത്ത മറ്റൊരു പ്രശ്നം. 184 റെയില്വേ സ്റ്റേഷനുകളാണ് കേരളത്തിലുള്ളത്. 1027 കിലോമീറ്റര് നീണ്ട് കിടക്കുന്ന കേരളത്തിലെ റെയില്വേ ശൃംഖലയ്ക്കായി ആകെയുള്ളത് 15 ആര്പിഎഫ് സ്റ്റേഷനുകളും 13 പൊലീസ് സ്റ്റേഷനുകളും മാത്രം. വിമാനത്താവളങ്ങള്ക്ക് തുല്യമായ സുരക്ഷ ഒരുക്കുമെന്നായിരുന്നു 2019ലെ റെയില്വേയുടെ പ്രഖ്യാപനം. പ്രഖ്യാപനങ്ങളെല്ലാം വെറും പ്രഖ്യാപനങ്ങളായി മാത്രം ഒതുങ്ങുകയാണ്. റിപ്പോര്ട്ടര്മാരായ അര്ജുന് ഹേമ, സാനിയോ മനോമി, ബിനില് പോത്തന് ബാബു എന്നിവര് ചേര്ന്നാണ് അന്വേഷണ റിപ്പോര്ട്ട് തയ്യാറാക്കിയത്.

dot image
To advertise here,contact us
dot image