
കൊച്ചി: നഗരത്തിലെ 'അനധികൃത കശാപ്പ്' വിഷയത്തില് ഇടപെടുമെന്ന് കൊച്ചി മേയര് എം അനില് കുമാര്. വിഷയം ഗൗരവമുള്ളതാണെന്നും എന്നാല് പ്രശ്നപരിഹാരത്തിന് സമയമെടുക്കുമെന്നും മേയര് പറഞ്ഞു. മാനദണ്ഡങ്ങള് ലംഘിച്ച് പ്രവര്ത്തിക്കുന്ന അറവ് ശാലകളില് കന്നുകാലികള് നേരിടുന്നത് ക്രൂരപീഡനമാണെന്ന് റിപ്പോര്ട്ടര് വാര്ത്ത നല്കിയിരുന്നു.
വിഷയത്തില് കോര്പ്പറേഷന് ഗൗരവമായി ഇടപെടുമെന്ന് മേയര് പ്രതികരിച്ചു. എത്രയും വേഗം പ്രശ്നപരിഹാരത്തിനായി അടിയന്തര നടപടി സ്വീകരിക്കും. മാലിന്യ പ്രശ്നവും, അനധികൃത കശാപ്പും ഉള്പ്പടെ കൊച്ചിയിലെ പ്രശ്നങ്ങള് ഇരുപത് വര്ഷത്തില് കൂടുതലായി നിലനില്ക്കുന്ന പ്രശ്നങ്ങളാണ്. അതിനാലാണ് പ്രശ്നപരിഹാരത്തില് സമയമെടുക്കുന്നതെന്നും മേയര് അനില് കുമാര് റിപ്പോര്ട്ടറിനോട് പറഞ്ഞു.
കൊച്ചി നഗരമധ്യത്തില് അനധികൃത അറവും ഇറച്ചി വില്പ്പനയും വ്യാപകമെന്നായിരുന്നു റിപ്പോര്ട്ടര് സ്പെഷ്യല് ഇന്വെസ്റ്റിഗേഷന് ടീം നടത്തിയ അന്വേഷണത്തില് വ്യക്തമായത്. മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് പ്രവര്ത്തിക്കുന്ന അറവുശാലകളില് കന്നുകാലികള് നേരിടുന്നത് ക്രൂര പീഡനമാണെന്നും കണ്ടെത്തിയിരുന്നു. കൊച്ചിയുടെ തീന്മേശകളില് എത്തുന്നത് പേരിന് പോലും പരിശോധനകള് ഇല്ലാതെ, വൃത്തിഹീനമായ സാഹചര്യത്തില് അറുത്തെടുക്കുന്ന ഇറച്ചിയാണ്. അറവുശാലകളില് കണ്ട, മാടുകളുടെ മേലുള്ള മുറിവുകള് എന്താണെന്നോ ഈ മാടുകള്ക്ക് എന്തെങ്കിലും രോഗമുണ്ടോ എന്നും അറിയാനുള്ള പരിശോധനകള് നടന്നിട്ടില്ല. ശരീരത്തില് മുറിവുകളും വ്രണങ്ങളുമുള്ള മാടുകള് ഒരു മെഡിക്കല് പരിശോധനകളും ഇല്ലാതെയാണ് കൊച്ചിയിലെ അറവുശാലകളിലേക്ക് എത്തുന്നത്. അവിടെ നിന്ന് നമ്മുടെ തീന് മേശകളിലേക്കും എത്തുന്നത്.
രോഗം ബാധിച്ചിട്ടുണ്ടോ എന്ന മെഡിക്കല് പരിശോധനയില്ലാതെയാണ് അറവുമാടുകള് ആലുവയിലെ ചൂണ്ടിയില് പ്രവര്ത്തിക്കുന്ന സ്വകാര്യ അറവു കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. അറവ് നിയമങ്ങള് കാറ്റില് പറത്തിക്കൊണ്ടുള്ള ക്രൂരമായ കശാപ്പാണ് ഇവിടെയെല്ലാം നടക്കുന്നത്. അറവ് സമയത്ത് പാലിക്കേണ്ട നിയമങ്ങളോ, മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ നിര്ദേശമോ ഹെല്ത്ത് ഓഫീസറുടെ പരിശോധനയോ ദൂരപരിധിയോ ഒന്നും ഇവിടെ മാനദണ്ഡമല്ല. അറവ് നടക്കുന്നത് തീര്ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ്. അറവിനു മുമ്പ് മൃഗങ്ങള്ക്ക് നേരിടേണ്ടി വരുന്നതാകട്ടെ കൊടിയ പീഡനമാണെന്നും റിപ്പോര്ട്ടര് വാര്ത്ത നല്കിയിരുന്നു.