
കോഴിക്കോട്: കടൽക്ഷോഭത്തിൽ കുടുങ്ങിയ മത്സ്യത്തൊഴികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ചാലിയത്തു നിന്ന് മീൻപിടിക്കാൻ പോയ അഞ്ച് മത്സ്യത്തൊഴിലാളികളാണ് കടലിൽ കുടുങ്ങിയത്. കോസ്റ്റ് ഗാർഡിൻ്റെ അഭീക് കപ്പൽ എല്ലവരെയും രക്ഷിച്ച് മംഗളൂരു തുറമുഖത്ത് എത്തിച്ചു. അഞ്ചു പേരും സുരക്ഷിതരാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച പുറപ്പെട്ട യുകെ സൺസ് എന്ന ബോട്ടാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് കടലിൽ കുടുങ്ങിയത്. ബുധനാഴ്ച ബേപ്പൂർ ഹാർബറിൽ എത്തേണ്ടിയിരുന്ന ബോട്ട്, തീരത്തടുക്കാത്തതിനെത്തുടർന്ന് കോസ്റ്റ് ഗാർഡ് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. മൂന്ന് മലയാളികളും രണ്ട് അതിഥി തൊഴിലാളികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
ഇന്നലെ അർധരാത്രിയൊടെ തന്നെ എല്ലാവരെയും രക്ഷിക്കാനായെങ്കിലും ബോട്ട് കടലിൽ നങ്കൂരമിട്ട് കിടക്കുകയാണ്. ബേപ്പൂർ തീരത്തുനിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെയാണ് ഇപ്പോൾ ബോട്ടുള്ളത്.