
തിരുവനന്തപുരം: ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചതില് കെപിസിസി നിര്വാഹക സമിതിയില് വിമര്ശനം. വയനാട് ക്യാമ്പിന്റെ സ്പിരിറ്റ് ഉള്കൊള്ളാതെയാണ് ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചതെന്നും മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കുന്നത് അതുപോലെയാകരുതെന്നും ബെന്നി ബെഹ്നാന് എംപി വിമര്ശിച്ചു. മണ്ഡലം പുന:സംഘടനയില് ചര്ച്ചകള് നടക്കണമെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം. ബെന്നി ബെഹ്നാന് പുറമേ കെസി ജോസഫും എംഎം ഹസ്സനും സമാന വിമര്ശനം ഉയര്ത്തി.
കൂടിയാലോചനയില്ലാതെയാണ് മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കുന്നതെങ്കില് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും നേതാക്കള് മുന്നറിയിപ്പ് നല്കി. എന്നാല് രമേശ് ചെന്നിത്തല ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചു. വിമര്ശനങ്ങള് ഉണ്ടെങ്കില് കൂടി ഒറ്റകെട്ടായി മുന്നോട്ട് പോകേണ്ട സാഹചര്യമാണ് നിലവിലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഏക സിവില് കോഡില് സെമിനാര് സംഘടിപ്പിക്കാനും നിര്വാഹക സമിതി യോഗത്തില് തീരുമാനമായി. സംസ്ഥാനത്ത് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് കേന്ദ്രങ്ങളില് ബോധവല്ക്കരണ സെമിനാര് സംഘടിപ്പിക്കും. സമാന വിഷയത്തില് മുസ്ലീം ലീഗ് നടത്തുന്ന സെമിനാറിന് പുറമേയാണിത്. യോഗം മണിപ്പൂര് വിഷയത്തിലും പ്രതിഷേധം അറിയിച്ചു.
കോണ്ഗ്രസ് സംഘടിപ്പിക്കുന്ന സെമിനാറില് ആര്ക്കൊക്കെ ക്ഷണമുണ്ടെന്ന കാര്യത്തില് വ്യക്തതയില്ല. മാര്ക്സിസ്റ്റ് പാര്ട്ടികളുമായി യാതൊരു സഹകരണവും ഉണ്ടാകില്ലെന്ന് കെ മുരളീധരന് എംപി പ്രതികരിച്ചിരുന്നു. കേരളത്തില് ബിജെപിയുടെ ബി ടീം ആണ് സിപിഐഎം. ആദ്യമായി ഏക സിവില് കോഡിനെ അംഗീകരിച്ച ഇഎംഎസിന്റെ പാര്ട്ടിക്ക് പ്രതിഷേധിക്കാന് അര്ഹതയില്ലെന്നും കെ മുരളീധരന് പറഞ്ഞിരുന്നു.