
തിരുവനന്തപുരം: തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന കോണ്ഗ്രസ് എംപി ഹൈബി ഈഡന്റെ ആവശ്യത്തെ പരിഹസിച്ച് സിപിഐഎം നേതാവ് എംഎം മണി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില് കണ്ടുള്ള ഹൈബിയുടെ നീക്കമാണിതെന്നാണ് എംഎം മണിയുടെ പരോക്ഷ വിമര്ശനം. 'അഞ്ച് വര്ഷത്തെ അധ്വാനവുമായി മത്സരിക്കാനുള്ള മണ്ഡലത്തിലേക്ക് വരുന്ന ലോകസഭാംഗം' എന്ന ഫേസ്ബുക്ക് കുറിപ്പോടെയാണ് എംഎം മണി രംഗത്തെത്തിയത്.'തലസ്ഥാനം' ചുമന്ന് വരുന്ന ആമയുടെ ചിത്രവും എംഎം മണി ചേര്ത്തിട്ടുണ്ട്.
വിഷയത്തില് നേരത്തേയും ഹൈബിക്കെതിരെ എംഎം മണി വിമര്ശനമുയര്ത്തിയിരുന്നു. സ്വബോധമുള്ളവര് തലസ്ഥാനം മാറ്റാന് പറയില്ലെന്നും ഹൈബിയെ വൈദ്യ പരിശോധനക്ക് വിധേയനാക്കണമെന്നുമായിരുന്നു വിമര്ശനം. ഹൈബി ഈഡന്റെ ആവശ്യം അപക്വവും അപ്രായോഗികവുമാണെന്ന് മന്ത്രി വി ശിവന്കുട്ടി പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവും ശശി തരൂരും ഇക്കാര്യത്തില് നയം വ്യക്തമാക്കണമെന്നും ശിവന്കുട്ടി ആവശ്യപ്പെട്ടു. ഹൈബി എറണാകുളത്ത് തന്നെ മത്സരിക്കുന്നു എന്ന് വ്യക്തമായെന്നാണ് മന്ത്രി പി രാജീവ് പരിഹസിച്ചത്.
കഴിഞ്ഞ മാര്ച്ചില് പാര്ലമെന്റില് അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഇക്കാര്യം ആവശ്യപ്പെട്ടത്. മൂന്നു മാസം കഴിഞ്ഞ് ഇക്കാര്യം ചര്ച്ചയാവാന് കാരണം കേന്ദ്രസര്ക്കാരിന്റെ നടപടിയാണ്. വിഷയം സംബന്ധിച്ച് കേരളത്തിന്റെ അഭിപ്രായം ആരാഞ്ഞ് ആഭ്യന്തര മന്ത്രാലയം കത്തയച്ചു. ആവശ്യം തള്ളാന് കേരളത്തിലെ എല്ഡിഎഫ് സര്ക്കാരിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റുകയെന്നത് പ്രായോഗികമല്ലെന്നാണ് സര്ക്കാര് പറഞ്ഞത്. സംസ്ഥാനം രൂപീകരിച്ച കാലം മുതല് തലസ്ഥാനം തിരുവനന്തപുരമാണ്. അവിടെ അതിനുളള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. കൊച്ചിയെ സംബന്ധിച്ചിടത്തോളം മഹാനഗരമെന്ന നിലയില് ഇനിയും വികസിക്കാനുളള സാധ്യതകള്ക്ക് സ്ഥലപരിമിതിയുണ്ട്. ഒരു കാരണവുമില്ലാതെ തലസ്ഥാന നഗരം മാറ്റുന്നത് അതിഭീമമായ സാമ്പത്തിക ബാധ്യതയുണ്ടാക്കും. തലസ്ഥാന നഗരം മാറ്റേണ്ട യാതൊരു ആവശ്യവും ഇപ്പോള് ഇല്ലെന്നും സര്ക്കാര് വിലയിരുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്ഗ്രസിനെതിരെ ഇടതുപക്ഷം പരിഹാസവുമാരംഭിച്ചു.