
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങൾക്ക് ഇനി പുതിയ വേഗപരിധിയാണ്. സംസ്ഥാനത്തെ വേഗ പരിധി പുതുക്കിയുള്ള വിജ്ഞാപനം ഇന്ന് മുതൽ പ്രാബല്യത്തിലായി. ഇരുചക്ര വാഹനങ്ങളുടെ വേഗത്തിലടക്കം വ്യത്യാസങ്ങളുണ്ട്.
2014ന് ശേഷം ഇപ്പോഴാണ് വേഗപരിധി പുനര്നിശ്ചയിക്കുന്നത്. ഇരുചക്ര വാഹനങ്ങള്ക്ക് നഗര റോഡുകളില് 50 കിലോമീറ്ററും, മറ്റു റോഡുകളില് 60 കിലോ മീറ്ററുമാണ് പുതുക്കിയ വേഗപരിധി. സംസ്ഥാനത്തെ റോഡുകൾ ആധുനിക രീതിയിൽ നവീകരിച്ചതും ക്യാമറകൾ പ്രവർത്തനസജ്ജമായതും കണക്കിലെടുത്താണ് വേഗപരിധി പുതുക്കിയതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.
ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങള്ക്ക് ആറ് വരി ദേശീയ പാതയില് 110 കിലോമീറ്റര്, നാല് വരി പാതയില് 100 കിലോമീറ്റർ, മറ്റു ദേശീയ പാതയിലും നാല് വരി സംസ്ഥാന പാതയിലും 90 കിലോമീറ്റര്, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, റോഡുകളില് 70, നഗര റോഡുകളില് 50 കിലോമീറ്റര് എന്നിങ്ങനെയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്ന വേഗപരിധി.
ഒമ്പത് സീറ്റിന് മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി യാത്രാ വാഹനങ്ങള്ക്ക് ആറ് വരി ദേശീയ പാതയില് 95 കിലോമീറ്റര്, നാല് വരി ദേശീയ പാതയില് 90 കിലോമീറ്റര്, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70 കിലോമീറ്റർ എന്നിങ്ങനെയാണ് വേഗപരിധി.
ചരക്ക് വാഹനങ്ങളുടെ വേഗപരിധി നാല്-ആറ് ദേശീയപാതകളില് 80 കിലോമീറ്ററാണ്. മറ്റ് ദേശീയ പാതകളിലും നാല് വരി സംസ്ഥാന പാതകളിലും 70 കിലോമീറ്റര്, മറ്റ് സംസ്ഥാനങ്ങളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്റര്, മറ്റ് റോഡുകളില് 60, നഗര റോഡുകളില് 50 കിലോമീറ്ററുമാണ് അനുവദിച്ചിട്ടുണ്ട്.
സ്കൂള് ബസുകള്ക്ക് എല്ലാ റോഡുകളിലും പരമാവധി 50 കിലോമീറ്ററാണ് വേഗപരിധി.