

ഇറാന്–ഇസ്രയേല്‍ സംഘര്‍ഷം യുദ്ധസമാന സാഹചര്യത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രയേല്‍–ഹമാസ് യുദ്ധവും ഗാസയിലെ ആക്രമണങ്ങളുമാണ് നിലവില്‍ ഇറാന്‍–ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പ്രകടമായ കാരണമായി നിഴലിക്കുന്നത്. ഗാസയിലെ പോരാട്ടത്തിന് സമാന്തരമായി ഇസ്രയേല്‍ ഹിസ്ബുള്ളയെയും ഹൂതി വിമതരെയും നേരിടേണ്ട ഗതികേടിലാണ്. ഹിസ്ബുള്ളയ്ക്കും ഹൂതി വിമതര്‍ക്കും ആളും സാമ്പത്തിക സഹായവും നല്‍കി പിന്തുണ നല്‍കുന്നത് ഇറാനാണെന്നാണ് ഇസ്രയേലിന്റെ വാദം. സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലെ ഇറാനിയന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡ്സിലെ ഏഴ് മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതാണ് നിലവില്‍ ഇറാന്‍–ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകാനുള്ള പ്രത്യക്ഷ കാരണം. എന്നാല്‍ വര്‍ഷങ്ങളായി ഇറാനും ഇസ്രയേലിനും ഇടയില്‍ നീളുന്ന നിഴല്‍യുദ്ധങ്ങളുടെ കൂടി ഭാഗമായി വേണം ഇപ്പോള്‍ത്തെ സംഘര്‍ഷങ്ങളെ നമുക്ക് കാണാന്‍.
ദശകങ്ങളായി മിഡില് ഈസ്റ്റില് ഇറാന്-ഇസ്രയേല് നിഴല്യുദ്ധം ശക്തമാണ്. സൈനിക-വ്യാപാരമേഖലയിലെല്ലാം ഈ നിഴല്യുദ്ധങ്ങള് ശക്തമാണ്. പുതിയ കാലത്ത് സൈബര് ഇടങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള നിഴല്യുദ്ധം രൂക്ഷമായിട്ടുണ്ട്. വിദേശത്തെ നിഴല് ശക്തികളെ ഉപയോഗപ്പെടുത്തിയാണ് ഇറാന് ഇസ്രയേലിന്റെ താല്പ്പര്യങ്ങളെ വെല്ലുവിളിക്കുന്നത്. ഇറാന്റെ ഉന്നത സൈനിക നേതൃത്വത്തെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തുക എന്നതാണ് ഇറാനെതിരായ നിഴല് യുദ്ധത്തില് ഇസ്രയേലിന്റെ രീതി. ഏറ്റവും ഒടുവില് മുതിര്ന്ന ഇറാനിയന് സൈനിക ഉദ്യോഗസ്ഥരെ ഡമാസ്കസില് വധിച്ചത് ഈ നിലയില് അടുത്തിടെ ഇസ്രയേല് ആസൂത്രണം ചെയ്ത ഏറ്റവും കടുത്ത ആക്രമണങ്ങളില് ഒന്നാണ്. എന്നാല് ഇറാന് ഇസ്രയേലില് നടത്തിയിരിക്കുന്ന ആക്രമണത്തിന് ഇത് മാത്രമല്ല കാരണം. കഴിഞ്ഞ നാലുവര്ഷത്തിനിടയില് ഇറാന്റെ നിരവധി മുതിര്ന്ന സൈനിക ഉദ്യോഗസ്ഥരെയും ആണവശാസ്ത്രജ്ഞരെയും ഇസ്രയേല് ലക്ഷ്യം വയ്ക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ രൂക്ഷപ്രഹരമായിരുന്നു സിറിയന് തലസ്ഥാനത്ത് അരങ്ങേറിയത്.
2020 ജനുവരിയില് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്ഡ്സിലെ മേജര് ജനറലായിരുന്ന ഖ്വാസിം സുലൈമാനിയുടെ കൊലപാതകം ഇറാനെ അക്ഷരാര്ത്ഥത്തില് പിടിച്ചുലച്ചിരുന്നു. ബാഗ്ദാദില് വെച്ച് അമേരിക്കന് ഡ്രോണ് ആക്രമണത്തിലായിരുന്നു സുലൈമാനിയെ വധിച്ചത്
2020 ജനുവരിയില് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്ഡ്സിലെ മേജര് ജനറലായിരുന്ന ഖ്വാസിം സുലൈമാനിയുടെ കൊലപാതകം ഇറാനെ അക്ഷരാര്ത്ഥത്തില് പിടിച്ചുലച്ചിരുന്നു. ബാഗ്ദാദില് വെച്ച് അമേരിക്കന് ഡ്രോണ് ആക്രമണത്തിലായിരുന്നു സുലൈമാനിയെ വധിച്ചത്. ആക്രമണത്തിന് ചുക്കാന് പിടിച്ചത് അമേരിക്കയാണെങ്കിലും അതില് ഇസ്രയേലിന്റെ അനുഗ്രഹാശിസ്സുകള് വ്യക്തമായിരുന്നു. ഇറാഖിലെ യുഎസ് എംബസി ആക്രമിക്കുകയും ഉപരോധിക്കുകയും ചെയ്തതിന് പിന്നില് ഇറാനാണെന്നും അതിന്റെ ആസൂത്രകന് സുലൈമാനി ആണെന്നും ആരോപിച്ചായിരുന്നു കൊലപാതകം. സര്ക്കാര് വിരുദ്ധപ്രക്ഷോഭം ശക്തമായിരുന്ന ഇറാഖില് ഇറാന് സ്വാധീനമുള്ള പുതിയ സര്ക്കാര് രൂപീകരണത്തിന് ചുക്കാന് പിടിക്കാനായിരുന്നു സുലൈമാനി ഇറാഖില് എത്തിയത്. ഇറാഖിലെ അമേരിക്കന് സൈനിക താവളങ്ങളെ ആക്രമിച്ചു കൊണ്ടായിരുന്നു ഇറാന്റെ മറുപടി. നൂറുകണക്കിന് അമേരിക്കന് സൈനികര്ക്ക് ആക്രമണത്തില് പരിക്കേറ്റിരുന്നു.
സുലൈമാനി വധത്തിന് ശേഷം ഇറാനും ഇസ്രയേലും രഹസ്യ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും സംഘടിപ്പിച്ചിരുന്നു. ഇറാന്റെ ഏറ്റവും ഉന്നതനായ ആണവശാസ്ത്രജ്ഞന് മൊഹ്സെന് ഫക്രിസാദെ, റെവല്യൂഷനറി ഗാര്ഡ് കേണല് സയാദ് ഖോദയീ എന്നിവരെ 2021ല് ഇസ്രയേല് രഹസ്യ ദൗത്യങ്ങളിലൂടെ വധിച്ചു. ഇതിന് തിരിച്ചടിയെന്ന നിലയില് ഇറാന് ഇസ്രയേല് കമ്പനി ഉടമസ്ഥതയിലുള്ള കപ്പല് ആക്രമിക്കുകയും രണ്ട് പേരെ വധിക്കുകയും ചെയ്തിരുന്നു. 2023 ഡിസംബര് മാസത്തില് ഡമാസ്കസില് വെച്ച് ഇറാനിയന് റെവല്യൂഷനറി ഗാര്ഡ്സിന്റെ ഉപദേഷ്ടാവും ബ്രിഗേഡ് ജനറലുമായ സയ്യിദ് റാസി മൗസവിയെ മിസൈല് ആക്രമണത്തില് ഇസ്രയേല് വധിച്ചു. മൗസവി നേരത്തെ കൊല്ലപ്പെട്ട ഖ്വാസിം സുലൈമാനിയുടെ അടുത്ത അനുയായി ആണെന്നും ഹിസ്ബുള്ളക്ക് ആയുധങ്ങള് നല്കുന്നതില് മേല്നോട്ടം വഹിച്ചിരുന്നുവെന്നുമായിരുന്നു ഇസ്രയേല് ആരോപണം.
ഇസ്രയേല് രൂപം കൊള്ളുമ്പോള് മധ്യപൂര്വ്വേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പിന്തുണക്കാരിലൊരാളായിരുന്നു ഇറാനെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഇസ്രയേലുമായി ശക്തമായ സൈനിക-രഹസ്യാന്വേഷണ-വ്യാപാര ബന്ധം ഇറാന് സൂക്ഷിച്ചിരുന്നു. ഒരുകാലത്ത് ഇസ്രയേലിന്റെ ഏറ്റവും അടുത്ത ചങ്ങാതിയായിരുന്ന ഇറാന് ഇപ്പോള് ഇസ്രയേലിന്റെ ഏറ്റവും വലിയ എതിരാളിയും നമ്പര്വണ് ശത്രുവുമായി മാറിയത് മധ്യപൂര്വ്വേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ വികാസപരിണാമവുമായി ബന്ധപ്പെടുത്തി വേണം അടയാളപ്പെടുത്താന്.