'ബുള്ളറ്റ് ട്രംപിന്റെ ചെവിക്കരികിലൂടെ പാഞ്ഞു'; ആക്രമണം മാസങ്ങള് മുമ്പേ പ്രവചിച്ചു, വീഡിയോ വൈറല്

ട്രംപിന് നേരെയുള്ള ആക്രമണം പ്രവചിക്കുന്ന, നാല് മാസം മുമ്പുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്

dot image

വാഷിംഗ്ടണ്: കഴിഞ്ഞദിവസം പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന പ്രചാരണ റാലിക്കിടെ മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇപ്പോഴിതാ, ട്രംപിന് നേരെയുള്ള ആക്രമണം പ്രവചിക്കുന്ന നാല് മാസം മുമ്പുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്. മാർച്ച് 14-ന് യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ട്രംപിൻ്റെ വധശ്രമത്തെക്കുറിച്ച് തനിക്ക് ദൈവിക ദർശനമുണ്ടായതായി ബ്രാഡൺ ബിഗ്സ് എന്നയാൾ പറയുന്നു. ഇയാളുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. അയാളുടെ "ദർശനങ്ങളും പ്രവചന മുന്നറിയിപ്പുകളും" പതിവായി വീഡിയോയിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്.

"അദ്ദേഹത്തിന് നേരെയുള്ള ഒരു വധശ്രമം ഞാൻ കണ്ടു. ഒരു ബുള്ളറ്റ് അദ്ദേഹത്തിൻറെ ചെവിയ്ക്ക് സമീപത്തുകൂടെ പാഞ്ഞു. അത് കർണ്ണപുടം തകർത്തു. ഈ സമയത്ത് അദ്ദേഹം മുട്ടുകുത്തി വീഴുന്നത് ഞാൻ കണ്ടു'', ബ്രാഡൺ ബിഗ്സ് പറയുന്നു. നിരവധിപ്പേരാണ് ബിഗ്സിൻ്റെ ഈ വീഡിയോ ഇപ്പോള് ഷെയര് ചെയ്യുന്നത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പെന്സില്വാനിയയില് നടന്ന തിരഞ്ഞെടുപ്പ് റാലിയില് സംസാരിക്കുന്നതിനിടെയാണ് ട്രംപിനു നേരെ ഒരാള് വെടിയുതിർത്തത്. ആക്രമണത്തില് ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഉടന് തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വലതുചെവിയുടെ മുകള്ഭാഗത്തായാണ് തനിക്ക് വെടിയേറ്റതെന്നും വെടിയൊച്ച കേട്ടപ്പോള് തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായെന്നും ട്രംപ് അമേരിക്കൻ സാമൂഹ്യമാധ്യമമായ 'ട്രൂത്ത് സോഷ്യലി'ല് കുറിച്ചു.

അതേസമയം, ട്രംപിന് നേരെ വധശ്രമം നടത്തിയ ഇരുപതുകാരന്റെ ചിത്രം അന്വേഷണ ഏജൻസി പുറത്തുവിട്ടു. തോമസ് മാത്യു ക്രൂക്കിന്റെ ചിത്രമാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പുറത്തുവിട്ടത്. പെന്സില്വാനിയയിലെ ബെതല് പാര്ക്ക് സ്വദേശിയാണ് ഇയാള്. ഇയാളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് എ.ആര്-15 സെമി ഓട്ടോമാറ്റിക് റൈഫിള് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര് ഇയാളുടെ വോട്ടര് രജിസ്ട്രേഷന് കാര്ഡും കണ്ടെത്തിയിട്ടുണ്ട്. റിപ്പബ്ലിക്കന് പാര്ട്ടിക്കാരനായാണ് ഇയാള് രജിസ്റ്റര് ചെയ്തിരിക്കുന്നത്. എന്നാല് എന്തിനാണ് ഇയാള് വെടിയുതിര്ത്തെന്നത് വ്യക്തമല്ല. പൊതുവെ നിശബ്ദനായ, ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന ക്രൂക്ക് 2022ൽ ബെഥേൽ പാർക്ക് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയിരുന്നു. കൂടാതെ നാഷണൽ മാത്ത് ആൻ്റ് സയൻസ് ഇനിഷ്യേറ്റീവിൽ നിന്ന് "സ്റ്റാർ അവാർഡ്" ലഭിച്ചിട്ടുണ്ട്. ബിരുദം നേടിയ ശേഷം നഴ്സിങ് ഹോമിൽ ജോലി ചെയ്തു വരികയായിരുന്നു.

dot image
To advertise here,contact us
dot image