
അമേരിക്ക: ഫ്ലോറിഡയിലെ പാര്ക് ലാന്ഡിലെ സ്ക്കുളിൽ നടന്ന വെടിവെപ്പിലെ മുഖ്യ പ്രതിയായ നിക്കോളാസ് ക്രൂസ്. തൻ്റെ തലച്ചോർ ശാസ്ത്രത്തിന് ദാനം ചെയ്യാൻ സമ്മതം നൽകി. 2018ലെ ഫ്ലോറിഡയിലെ പാര്ക് ലാന്ഡിലെ മാര്ജറി സ്റ്റോണ്മാന് ഡഗ്ലസ് ഹൈസ്കൂളില് വിദ്യാര്ത്ഥികള് അടക്കം 17 പേരെ വെടിവച്ച് കൊന്ന കേസിലെ പ്രതിയാണ് നിക്കോളാസ് ക്രൂസ്.
ആക്രമണത്തിനിടെ അന്ന് അഞ്ച് തവണയാണ് ആൻ്റണി ബോർഗെസിന് വെടിയേറ്റത്. ബോർഗസിന്റെ അഭിഭാഷകനാണ് നിക്കോളാസ് ക്രൂസിന്റെ തലച്ചോർ പഠിക്കുന്നതിനായി ശാസ്ത്രത്തിന് ദാനം ചെയ്യണമെന്ന അശയം മുന്നോട്ട് വച്ചത്. ശാസ്ത്രജ്ഞർ ക്രൂസിന്റെ തലച്ചോർ പഠിച്ചാൽ ഇങ്ങനെ ഒരു വെടിവെപ്പ് നടത്താൻ നയിച്ച കാരണമെന്താണെന്ന് കണ്ടുപിടിക്കാൻ കഴിയുമെന്ന് ബോർഗെസിൻ്റെ അഭിഭാഷകൻ അലക്സ് അരേസ ഫോക്സ് പറഞ്ഞു. തലച്ചോർ പഠിച്ചാൽ ഭാവിയിൽ ഇത്തരം സംഭവങ്ങള് തടയാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്ലോറിഡയെ തന്നെ ഏറ്റവും ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു പാര്ക് ലാന്ഡെ വെടിവയ്പ്. ഈ വെടിവെപ്പ് നടത്തുമ്പോൾ നിക്കോളാസിന് പ്രായം വെറും പത്തൊന്പത് വയസ്സ് മാത്രമായിരുന്നു. ആറ് മിനിറ്റ് നീണ്ട വെടിവയ്പ്പിൽ 14 വിദ്യാര്ത്ഥികളും 3 ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. 2018 ലെ വാലെന്റൈന്സ് ദിനത്തിലായിരുന്നു നിക്കോളാസ് സ്കൂളിലേക്ക് എആര് 15 മോഡലിലുള്ള റൈഫിളുമായി കടന്നുചെന്ന് വെടിവയ്പ്പ് നടത്തിയത്.
നിക്കോളാസിനെതിരെ നേരത്തെ സ്കൂള് അച്ചടക്ക നടപടി എടുത്തിരുന്നു. ഇതില് പ്രതികാരം ചെയ്യാനായാണ് നിക്കോളാസ് സഹപാഠികളടക്കമുള്ളവര്ക്ക് നേരെ വെടിയുതിര്ത്തത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ജീവപര്യന്തമാണ് നിക്കോളാസിന് വിധിച്ചത്. ഇതിനെതിരെ അന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം പ്രതികരിച്ചിരുന്നു. കോടതി ഇയാളോട് കരുണ കാണിച്ചു എന്നായിരുന്നു പരാതി. നിക്കോളാസ് ക്രൂസ് ജയിലിൽ തുടരുകയാണ്.
നീറ്റ് ചോദ്യ പേപ്പർ ചോർച്ച; മുഖ്യ സൂത്രധാരൻ പിടിയില്