
യുഎസിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സന്തോഷം നൽകുന്ന വാഗ്ദാനവുമായി ഡൊണാൾഡ് ട്രംപ്. താൻ അധികാരത്തിലെത്തിയാൽ യുഎസ് യൂണിവേഴ്സിറ്റികളിൽ നിന്ന് പഠനം കഴിഞ്ഞിറങ്ങുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഗ്രീൻ കാർഡ് നൽകുമെന്നാണ് ട്രംപിന്റെ വാഗ്ദ്ധാനം.
തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പറഞ്ഞതാകാമെങ്കിലും കുടിയേറ്റവിരുദ്ധനായ ട്രംപിന്റെ ഈ വാക്കുകളെ ആശ്ചര്യത്തോടെയാണ് ഡെമോക്രാറ്റുകൾ അടക്കമുള്ള യുഎസ് രാഷ്ട്രീയവൃത്തം കേട്ടത്. അമേരിക്കയിൽ നിന്ന് പഠിച്ചിറങ്ങിയ വിദേശ വിദ്യാർത്ഥികൾ അവരുടെത്തന്നെ രാജ്യത്ത് പോയി പണമുണ്ടാക്കുന്നുവെന്നും ആ പണം അമേരിക്കയിൽ നിലനിർത്താനാണ് ഈ വാഗ്ദാനമെന്നുമാണ് ട്രംപിന്റെ വാദം.
ഇക്കൊല്ലം നവംബർ മാസത്തോടെ യുഎസ് തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. വിവിധ പ്രൈമറികളിൽ ജയിച്ചുമുന്നേറുന്ന ട്രംപ് തന്നെയായിരിക്കും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അങ്ങനെയെങ്കിൽ വീണ്ടുമൊരു ബൈഡൻ - ട്രംപ് പോരാട്ടത്തിനാകും യു എസ് ജനത സഖ്യം വഹിക്കുക.