ആധാര് കാര്ഡ് സൗജന്യ പുതുക്കല് തീയതി വീണ്ടും നീട്ടി

മൈആധാര് പോര്ട്ടല് വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക

dot image

സൗജന്യമായി ആധാര് കാര്ഡ് വിശദാംശങ്ങള് പുതുക്കാനുള്ള സമയപരിധി സര്ക്കാര് വീണ്ടും നീട്ടി. 2024 സെപ്റ്റംബര് 14 വരെ ഫീസില്ലാതെ ആധാര്കാര്ഡ് ഉടമകള്ക്ക് അവരുടെ വിവരങ്ങള് അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന് അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. ആദ്യം നീട്ടിയ സമയപരിധി 2024 ജൂണ് 14 ആയിരുന്നു. സെപ്റ്റംബര് 14 ന് ശേഷം വിവരങ്ങള് അപ്ഡേറ്റ് ചെയ്യണമെങ്കില് ഫീസ് നല്കേണ്ടി വരും.

ആധാര് എടുത്തിട്ട് 10 വര്ഷം കഴിഞ്ഞെങ്കില് നിര്ബന്ധമായും കാര്ഡ് ഉടമകള് വിവരങ്ങള് അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്ദേശം. മൈആധാര് പോര്ട്ടല് വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക. പേര്, വിലാസം, ജനനതീയതി, മറ്റ് വിശദാംശങ്ങള് തുടങ്ങിയ വിവരങ്ങള് ഓണ്ലൈനായി യുഐഡിഎഐ വെബ്സൈറ്റിന്റെ പോര്ട്ടലില് സൗജന്യമായി അപ്ഡേറ്റ് ചെയ്യാം.

തിരിച്ചറിയല്-മേല്വിലാസ രേഖകള് myaadhaar.uidai.gov.in വഴി ആധാര് നമ്പര് ഉപയോഗിച്ച് ലോഗിന് ചെയ്തശേഷം ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാം. മൊബൈല് നമ്പര് ആധാറുമായി ബന്ധിപ്പിച്ചവര്ക്ക് മാത്രമേ ഓണ്ലൈന് സംവിധാനം ഉപയോഗിക്കാന് സാധിക്കൂ. ആധാര് സേവനങ്ങള് വേഗത്തില് ലഭ്യമാക്കാന് ആധാറില് മൊബൈല് നമ്പര്, ഇ-മെയില് എന്നിവ നല്കണം.

ഇതുവരെ ആധാറില് മൊബൈല് നമ്പര്, ഇ-മെയില് എന്നിവ നല്കാതിരുന്നവര്ക്കും നിലവിലുള്ള ആധാറില് മൊബൈല് നമ്പര്, ഇ-മെയില് എന്നിവയില് മാറ്റം വന്നവര്ക്കും അക്ഷയ ആധാര് കേന്ദ്രങ്ങള് വഴി അപ്ഡേറ്റ് ചെയ്യാം. ഫോട്ടോ, ബയോമെട്രിക് തുടങ്ങിയ വിവരങ്ങള് അപ്ഡേറ്റ് ചെയ്യണമെങ്കില് അടുത്തുള്ള ആധാര് കേന്ദ്രങ്ങളില് പോകണം.

dot image
To advertise here,contact us
dot image