
അരിസോണ: ശരീര ദുര്ഗന്ധം ആരോപിച്ച് വിമാനത്തില് നിന്ന് കറുത്ത വര്ഗക്കാരെ ഇറക്കിവിടാന് ശ്രമിച്ചതായി പരാതി. അമേരിക്കന് എയര്ലൈന്സില് നിന്ന് മോശം അനുഭവം നേരിട്ട കറുത്ത വര്ഗക്കാരാണ് പരാതി നല്കിയത്. അരിസോണയില് നിന്ന് ന്യൂയോര്ക്കിലേക്ക് പറന്ന വിമാനത്തില് ബുധനാഴ്ചയായിരുന്നു സംഭവം.
കറുത്ത വര്ഗക്കാര് എട്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പരാതി നല്കിയവര് തമ്മില് മുന്പരിചയമില്ല. ടേക്ക് ഓഫിന് മുമ്പ് ഇവരോട് പുറത്തിറങ്ങാന് ജീവനക്കാര് ആവശ്യപ്പെട്ടു. കാരണം ചോദിച്ചപ്പോള് ഫ്ളൈറ്റിനുള്ളിലെ ആരില് നിന്നോ ശരീര ദുര്ഗന്ധം വമിക്കുന്നതായി പരാതി ലഭിച്ചുവെന്നായിരുന്നു മറുപടി. പിന്നാലെ വിമാന ജീവനക്കാര് എട്ട് പേരെയും പുറത്തിറക്കി. എന്നാല് അടുത്ത മണിക്കൂറുകളില് വേറെ ഫ്ളൈറ്റ് ഇല്ലാത്തതിനാല് ഇവരെ ഇതേ ഫ്ളൈറ്റില് തന്നെ ന്യൂയോര്ക്കില് ഇറക്കുകയായിരുന്നു. ന്യൂയോര്ക്കിലാണ് കറുത്ത വര്ഗക്കാര് പരാതി നല്കിയത്. ജീവനക്കാരുടെ പെരുമാറ്റം കാരണം വിമാനം ഒരു മണിക്കൂറോളം വൈകുകയും ചെയ്തിരുന്നു.
വര്ണവിവേചനം ചൂണ്ടിക്കാട്ടിയാണ് പരാതി നല്കിയത്. യാത്രക്കാര് നേരിട്ട വിവേചനം അംഗീകരിക്കാനാവില്ലെന്നാണ് അമേരിക്കന് എയര്ലൈന്സിന്റെ പ്രതികരണം. കൃത്യമായ അന്വേഷണത്തിന് ശേഷം നടപടികള് എടുക്കുമെന്നും എയര്ലൈന്സ് പ്രതികരിച്ചു.