ഹമാസ് ബന്ദികളെ വിട്ടയയ്ക്കൂ, വെടിനിർത്തൽ നാളെത്തന്നെ സാധ്യം: ജോ ബൈഡൻ

ഇസ്രയേൽ അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്ന പലസ്തീനികളെ മുഴുവൻ മോചിപ്പിക്കണമെന്നും ഗാസയിൽനിന്ന് ഇസ്രായേൽ പൂർണമായും പിന്മാറണമെന്നുമാണ് ബന്ദി മോചനത്തിന് ഹമാസ് മുന്നോട്ടുവെക്കുന്ന ഉപാധി.

dot image

വാഷിംഗ്ടൺ: ബന്ദികളാക്കിയ 128 പേരെയും ഹമാസ് വിട്ടയച്ചാൽ ഗാസയിൽ വെടിനിർത്തൽ നാളെത്തന്നെ സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. അതേസമയം, ഇസ്രയേൽ തടവിലാക്കിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള പതിനായിരക്കണക്കിന് പലസ്തീനികളെ വിട്ടയയ്ക്കുന്നതിനെക്കുറിച്ച് ബൈഡൻ ഒന്നും പറഞ്ഞില്ല. ഇസ്രയേൽ തടവറയിൽ ബന്ദികൾ മനുഷ്യത്വരഹിതമായ ആക്രമണത്തിന് ഇരയാകുന്നതായി കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഹമാസാണ് തീരുമാനമെടുക്കേണ്ടത്. ബന്ദികളെ വിട്ടയയ്ക്കണം, അവർ അത് ആഗ്രഹിക്കുന്നുവെങ്കിൽ നമുക്ക് നാളെത്തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കാം -ബൈഡൻ പറഞ്ഞു. ഇസ്രയേൽ അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്ന പലസ്തീനികളെ മുഴുവൻ മോചിപ്പിക്കണമെന്നും ഗാസയിൽനിന്ന് ഇസ്രായേൽ പൂർണമായും പിന്മാറണമെന്നുമാണ് ബന്ദി മോചനത്തിന് ഹമാസ് മുന്നോട്ടുവെക്കുന്ന ഉപാധി. ഗാസയ്ക്ക് മേലുള്ള ഉപരോധം നീക്കണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. കെയ്റോയിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ ഉയർന്നുവന്ന നിർദേശങ്ങൾ അംഗീകരിച്ച് ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസ് അറിയിച്ചതുമാണ്. എന്നാൽ, ഇക്കാര്യങ്ങൾ സംബന്ധിച്ച് യാതൊന്നും സൂചിപ്പിക്കാതെയാണ് ബന്ദികളെ മോചിപ്പിച്ചാൽ വെടിനിർത്താമെന്ന് ബൈഡൻ വാഗ്ദാനം ചെയ്യുന്നത്. ഇക്കാര്യം ഹമാസ് ആദ്യഘട്ടത്തിൽ തന്നെ തള്ളിക്കളഞ്ഞതാണ്.

252 പേരെയാണ് ഹമാസ് ബന്ദികളാക്കിയിട്ടുള്ളത്. ഇതിൽ 128 പേർ ജീവനോടെയും അല്ലാതെയും ഗാസയിലുണ്ടെന്നാണ് കരുതുന്നത്. നിരവധി ബന്ദികൾ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. 36 ബന്ദികൾ കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്ക്.

dot image
To advertise here,contact us
dot image