
ഡൽഹി: ഖലിസ്ഥാൻ അനുകൂല സംഘടനാ നേതാവായിരുന്ന ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില് പ്രതികൾ പിടിയിലെന്ന് സൂചന. മൂന്ന് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി പൊലീസിനെ ഉദ്ധരിച്ച് കനേഡിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കരൺപ്രീത് സിങ്, കമൽ പ്രീത് സിങ്, കരൺ ബ്രാർ എന്നിവരാണ് പിടിയിലായത്.
ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെച്ചാണ് നിജ്ജാറെ അജ്ഞാതർ വെടിവെച്ച് കൊന്നത്. നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും നിജ്ജാറിനെ വെടിവെക്കുകയും ചെയ്തവരാണ് അറസ്റ്റിലായ പ്രതികളെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കാനഡയിൽ നടന്ന മറ്റ് മൂന്ന് കൊലപാതകങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുകയാണ്.
പഞ്ചാബ് മേഖലയിൽ പ്രത്യേക സിഖ് സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി വാദിച്ച ഹർദീപ് സിങ് 2023 ജൂൺ 18 നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ മുതിർന്ന ഖലിസ്ഥാൻ നേതാക്കളിൽ ഒരാളായിരുന്നു ഹർദീപ് സിങ് നിജ്ജാർ. പഞ്ചാബിലെ ജലന്ധറിലെ ഭർസിംഗ്പൂർ ഗ്രാമത്തിൽ നിന്നുള്ളയാളാണ് നിജ്ജാർ.
ഇന്ത്യ നിജ്ജാറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകാൻ കാരണമായിരുന്നു. ഖലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന ആവശ്യവും കാനഡ ഉന്നയിച്ചിരുന്നു.
'കുഞ്ഞിനെ കൊന്നത് ശ്വാസംമുട്ടിച്ച്, അമ്മ വന്നപ്പോൾ ഭയന്ന് താഴേക്ക് എറിഞ്ഞു'; യുവതിയുടെ മൊഴി