
May 19, 2025
10:07 PM
ന്യൂഡല്ഹി: കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഉള്പ്പടെയുള്ളവര് പങ്കെുടത്ത ചടങ്ങില് ഖലിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില് പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില് കനേഡിയന് ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില് വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും അവസരം നല്കുന്നതിന് തെളിവാണെന്ന് ഇതെന്ന് ഇന്ത്യ വിമര്ശിച്ചു. ഇത്തരം നിലപാട് തുടരുന്നത് ഇരു രാജ്യങ്ങളുടെയും പരസ്പര ബന്ധത്തെ ബാധിക്കുമെന്നും കാനഡയില് അക്രമം വര്ദ്ധിക്കുന്നതിന് കാരണമാകുമെന്നും ഇന്ത്യന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു.
വിഘടന വാദത്തിനും അക്രമത്തിനും കാനഡയില് രാഷ്ട്രീയ ഇടം നല്കുകയാണെന്ന് വിദേശ മന്ത്രാലയം ഇറക്കിയ കുറിപ്പില് വ്യക്തമാക്കി. സിഖ് സമുദായ രൂപീകരണത്തിന്റെ ഭാഗമായി ആചരിക്കുന്ന ഖല്സ ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഖലിസ്ഥാന് അനുകൂല മുദ്രാവാക്യം ഉയര്ന്നത്. ചടങ്ങില് പങ്കെടുത്ത പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പ്രസംഗിക്കാനായി വേദിയിലേക്ക് കയറുമ്പോള് ഖലിസ്ഥാന് സിന്ദാബാദ് മുദ്രാവാക്യം മുഴങ്ങിക്കൊണ്ടേയിരുന്നു.
പ്രതിപക്ഷ നേതാവ് പിയറി പൊയ്ലിവര് സംസാരിക്കുന്നതിനിടയിലും മുദ്രാവാക്യം ഉയര്ന്നു. കാനഡയിലെ സിഖുക്കാരുടെ സ്വാതന്ത്ര്യവും അവകാശവും എപ്പോഴും സംരക്ഷിക്കുമെന്നും വിവേചനത്തില്നിന്നും വിദ്വേഷത്തില്നിന്നും സിഖ് സമൂഹത്തെ സംരക്ഷിക്കുമെന്നും പ്രഗത്തില് ട്രൂഡോ വ്യക്തമാക്കി. കാനഡയിലെ ടൊറന്റോ നഗരത്തില് നടന്ന പരിപാടിയില് ആയിരക്കണക്കിനുപേരാണ് പങ്കെടുത്തത്.