ഈജിപ്ത് പ്രതിനിധി സംഘം ഇസ്രയേലില്; ഗാസയില് വെടിനിര്ത്തലിനുള്ള സാധ്യതകള് ചർച്ച ചെയ്യും

ഇസ്രയേല് അക്രമണം തുടര്ന്നാല് മധ്യസ്ഥചര്ച്ചകളെ ബാധിക്കുമെന്ന് ഹമാസ്

dot image

കെയ്റോ: ഏഴുമാസമായിട്ടും രക്തചൊരിച്ചില് തുടരുന്ന ഗാസയില് വെടിനിര്ത്തലിനുള്ള സാധ്യത തേടി ഈജിപ്ത് പ്രതിനിധി സംഘം ഇസ്രയേലിലെത്തി. വെടിനിര്ത്തലും ബന്ദികളുടെ മോചനവും ലക്ഷ്യമിട്ടുള്ള പുതിയ കരാറിനെക്കുറിച്ച് ഇസ്രയേലുമായി ഈജ്പിപ്തില് നിന്നുള്ള പ്രതിനിധി സംഘം ചര്ച്ച നടത്തും. എന്നാല്, റാഫയിലേക്ക് കടന്നുള്ള ആക്രമണത്തിന് ഇസ്രയേല് മുതിര്ന്നാല് അത് മധ്യസ്ഥചര്ച്ചകളെ ബാധിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ഈജിപ്തിലെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ അബ്ബാസ് കമലിന്റെ നേതൃത്വത്തിലാണ് സംഘം ഇസ്രയേലിലെത്തിയത്. യുദ്ധം നീണ്ടു പോകുകയും ആളപായങ്ങള് വര്ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില് വെടിനിര്ത്തല് കരാറില് ഏര്പ്പെടാന് ഹമാസിനും ഇസ്രായേലിനും വേണ്ടി അന്താരാഷ്ട്ര സമ്മര്ദ്ദം വര്ദ്ധിക്കുകയാണ്. ഹമാസ് ബന്ദികളാക്കിയവരുടെ കൈമാറ്റം, കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീനികളെ തിരികെ കൊണ്ടുവരിക എന്നിവയിലാണ് ആദ്യഘട്ട ചര്ച്ചകള്.

സ്ഥിരമായ വെടിനിര്ത്തല്, ഇസ്രയേല് സൈന്യത്തെ പൂര്ണമായി പിന്വലിക്കല് തുടങ്ങിയ ആവശ്യങ്ങളില് നിന്ന് പിന്നോട്ടില്ലെന്ന് ഹമാസ് അറിയിച്ചു. എന്നാല്, ഇവ രണ്ടും ഇസ്രയേല് നിരസിച്ചു. ഹമാസിനെ പരാജയപ്പെടുത്തുന്നത് വരെ സൈനിക പ്രവര്ത്തനങ്ങള് തുടരുമെന്നും അതിനുശേഷം ഗാസയില് സുരക്ഷാ സാന്നിധ്യം നിലനിര്ത്തുമെന്നും ഇസ്രയേല് അറിയിച്ചു.

ഇതിനിടെ ഇന്നലെ ഗാസയിലെ റഫയില് ഇസ്രായേല് നടത്തിയ ഷെല്ലാക്രമണത്തില് വ്യാപക നാശം സംഭവിച്ചിരുന്നു. പലസ്തീനില് 24 മണിക്കൂറിനിടെ 51 പേര് കൊല്ലപ്പെട്ടു. അന്താരാഷ്ട്ര മുന്നറിയിപ്പുകളെ അവഗണിച്ച് കരയാക്രമണവുമായി മുന്നോട്ടു പോകുമെന്ന് ഇസ്രയേല് പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.

dot image
To advertise here,contact us
dot image