
കരിയര് സെറ്റാക്കുന്നതിനായി നാടുവിടാനുള്ള നെട്ടോട്ടത്തിലാണ് നമ്മുടെ യുവ തലമുറ. പഠനത്തിനും ജോലിക്കുമായി കാനഡ, ജര്മ്മനി, യുകെ അങ്ങനെ അങ്ങനെയുള്ള വിദേശ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടന്നുകൊണ്ടിരിക്കുകയാണ്. ഇതാ, ഇപ്പോള് ജര്മ്മനിയില് പഠിക്കാന് പോയവര്ക്ക് പുതിയ അവസരം വന്നിരിക്കുകയാണ്.
വിദേശ വിദ്യാര്ത്ഥികള്ക്ക് ഇനിമുതല് ആഴ്ചയില് 20മണിക്കൂര് ജോലി ചെയ്യാന് സാധിക്കും. മാര്ച്ച് ഒന്നുമുതല് പുതിയ നിയമം നിലവില് വന്നുകഴിഞ്ഞു. ഈ പുതിയ നടപടി ആയിരക്കണക്കിന് മലയാളി വിദ്യാര്ത്ഥികള്ക്കാണ് ഗുണം ചെയ്യുക. നേരത്തെ ഇത് ആഴ്ചയില് 10 മണിക്കൂറായിരുന്നു. ഈ സമയക്രമമാണ് ഇപ്പോൾ വര്ധിപ്പിച്ചിരിക്കുന്നത്.
ഇതുകൂടാതെ സ്കില്ഡ് എമിഗ്രേഷന് ആക്ടില് വിദേശികള്ക്ക് ആശ്വാസം പകരുന്ന മാറ്റങ്ങളും സര്ക്കാര് പ്രഖ്യാപിച്ചിട്ടുണ്ട്. ഐടി സ്പെഷ്യലിസ്റ്റ്, നേഴ്സിംഗ് അനുബന്ധ ജോലിക്കാര്, ബിസിനസുകാര്, സ്റ്റാര്ട്ടപ്പ് ഉടമകള് എന്നിവര്ക്ക് ജര്മ്മനിയിലെ തൊഴില് വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാർത്ഥികളെയും അപ്രൻ്റീസുകളെയും ജർമ്മനിയിലേക്ക് കൂടുതൽ ആകർഷിക്കുക എന്ന് ലക്ഷ്യം വെച്ചാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
ജർമ്മനിയില് ഏറ്റവും കൂടുതല് ഒഴിവുള്ളത് ആരോഗ്യ മേഖലയിലാണ്. ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളില് പലതും നികത്താൻ സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മതിയായ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ 2035ഓടെ തൊഴിൽക്ഷാമം ഏഴ് ദശലക്ഷത്തോളം വർധിക്കുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപ്ലോയ്മെന്റ് റിസർച്ചിൻ്റെ പഠനം വ്യക്തമാക്കുന്നത്. ഇത്തരത്തിലൊരു സാഹചര്യം നിലനിൽക്കുന്നതിനാലാണ് ജർമ്മനിയിലേക്ക് വിദേശ തൊഴിലാളികൾക്ക് അവസരം ലഭിക്കുന്നത്.
സമീപകാലത്ത് പഠനത്തിനും ജോലിയ്ക്കുമായി ജര്മ്മനി തിരഞ്ഞെടുത്തിരിക്കുന്നതിൽ നിരവധി മലയാളികളാണ് ഉള്ളത്. ഭൂരിപക്ഷവും പഠനത്തിനായിട്ടാണ് കേരളത്തിൽ നിന്നും ജർമ്മനിയിലേക്ക് യാത്ര തിരിക്കുന്നത്.