
പാരിസ്: ഫ്രാന്സില് മലയാളികള് അടക്കമുള്ള ഇന്ത്യന് വിദ്യാര്ത്ഥികള് താമസിക്കുന്നിടത്ത് വന് തീപിടിത്തം. പാരിസിലെ കൊളംബസിലാണ് സംഭവം. ഒരു വിദ്യാര്ത്ഥിക്ക് നിസാരമായ പരിക്കേറ്റിട്ടുണ്ട്. ഉത്തരേന്ത്യയില് നിന്നുള്ള വിദ്യാര്ത്ഥികളില് ഒരാള്ക്കാണ് പരിക്കേറ്റത്. മറ്റു വിദ്യാര്ത്ഥികള് എല്ലാവരും സുരക്ഷിതരാണ്.
27 വിദ്യാര്ത്ഥികളാണ് കെട്ടിടത്തില് താമസിച്ചിരുന്നത്. ഇതില് എട്ട് പേര് മലയാളികളാണ്. വിദ്യാര്ത്ഥികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. എന്നാല് ഇവരുടെ പാസ്പോര്ട്ടും വിദ്യാഭ്യാസ രേഖകളും അടക്കം കത്തിനശിച്ചു. ധരിച്ചിരുന്ന വസ്ത്രവും മൊബൈല് ഫോണും ഒഴിലെ എല്ലാം നഷ്ടപ്പെട്ടതായി വിദ്യാര്ത്ഥികള് പറയുന്നു.
റഫ്രിജിറേറ്ററില് നിന്നുള്ള ഷോര്ട് സര്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് വിദ്യാര്ത്ഥികള് പറയുന്നു. വീട്ടുടമയെ പൊലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട്. ഇന്ത്യന് അസോസിയേഷനുകള് വിദ്യാര്ത്ഥികളുടെ സഹായത്തിന് എത്തിയിട്ടുണ്ട്. ഇവര്ക്ക് താല്കാലിക താമസ വിസാ സൗകര്യം ഒരുക്കിയതായി ഇന്ത്യന് എംബസി അറിയിച്ചു. പൊലീസ് കേസെടുത്ത ശേഷമേ വിദ്യാര്ത്ഥികള്ക്ക് പുതിയ പാസ്പോര്ട്ടും രേഖകളും ലഭ്യമാക്കുന്ന നടപടികളിലേക്ക് കടക്കാനാകൂവെന്നും എംബസി വ്യക്തമാക്കി.