
കോലാലംപൂര്: ജീവിത പങ്കാളിക്ക് പനർവിവാഹം നടത്തി മലേഷ്യൻ ഗായിക അസ്ലിൻ അരിഫിൻ. തന്റെ തിരക്കിട്ട ജീവിതത്തിൽ ഭർത്താവിന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാനും ശ്രദ്ധിക്കാനും സാധിക്കുന്നില്ല എന്ന കാരണത്താലാണ് പുനർവിവാഹം നടത്തിയത്. ഗായിക തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാൻ മുഹമ്മദ് ഹാഫിസാം എന്ന നാൽപ്പത്തിയേഴുകാരനാണ് അസ്ലിൻ അരിഫിന്റെ ഭർത്താവ്. 26കാരിയായ ഡോക്ടറാണ് പുതിയ വധു.
'എന്റെ ഈ തിരക്കേറിയ ജീവിതത്തിനിടെ ഭർത്താവിനെ നോക്കാനും അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാനും കഴിയുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ രണ്ടാം വിവാഹം നടത്തി. ഇതിന് ശേഷവും ഞാൻ അദ്ദേഹത്തോടൊപ്പം സന്തോഷവതിയായിരിക്കും. ഞങ്ങൾ മൂന്നുപേരും ഒരേ വീട്ടിൽ താമസിക്കുകയാണ്. ഒഴിവുസമയങ്ങൾ കിട്ടുമ്പോൾ ഞാൻ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാറുണ്ട്’, അസ്ലിൻ അരിഫിൻ പറഞ്ഞു.
സംഗീത പരിപാടികളുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലായി ഗായിക തിരക്കിലാണ്. താനില്ലാത്തപ്പോൾ ഭർത്താവ് നേരിടുന്ന ഏകാന്തത അകറ്റാനാണ് ഈ തീരുമാനമെടുത്തത് എന്ന് അസ്ലിൻ പറഞ്ഞു. 2021ലാണ് വാൻ മുഹമ്മദ് ഹാഫിസാമുമായിട്ടുള്ള വിവാഹം നടന്നത്.