'ഞാൻ നിന്നെ സ്നേഹിക്കുന്നു'; ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവെച്ച് അലക്സി നവാല്നിയുടെ ഭാര്യ

തടവിൽ കഴിഞ്ഞിരുന്ന യമാലോ-നെനെറ്റ്സ് ജില്ലയിലെ ജയിലിലെ ഉദ്യോഗസ്ഥരാണ് നവാല്നി മരിച്ചെന്ന വിവരം അറിയിച്ചത്

dot image

മോസ്കോ: റഷ്യന് പ്രസിഡന്റ് വ്ളാദിമിര് പുടിന്റെ കടുത്ത വിമര്ശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവാല്നിയുടെ മരണം രാഷ്ട്രീയ ലോകത്ത് ചർച്ചയാവുകയാണ്. ഇപ്പോൾ ഭാര്യ യൂലിയ നവൽനയ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. "ഞാൻ നിന്നെ സ്നേഹിക്കുന്നു'', എന്ന കുറിപ്പോടെ അലക്സി നവാല്നിക്കൊപ്പമുള്ള ചിത്രമാണ് യൂലിയ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം അലക്സി നവാല്നിയുടെ മരണത്തിൽ പുടിനെ ശിക്ഷിക്കണമെന്ന് മ്യൂണിച്ചിൽ നടന്ന പാശ്ചാത്യ സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കവെ യൂലിയ നവൽനയ പറഞ്ഞിരുന്നു. 'പുടിൻ്റെ സർക്കാർ നിരന്തരം നുണ പറയുകയാണ്. എന്റെ ഭർത്താവ് മരിച്ചതില് പുടിൻ ശിക്ഷിക്കപ്പെടാതെ പോകില്ല. നമ്മൾ ഒന്നിച്ച് ഈ തിന്മക്കെതിരെ പോരാടണം. റഷ്യയിലെ ഈ ദുഷിച്ച ഭരണകൂടത്തിനെതിരെ പോരാടണം", അവർ പറഞ്ഞു.

പുടിൻ്റെ സർക്കാരിനെതിരെ ഐക്യപ്പെടണമെന്നും അവർ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. പുടിന്റേയും റഷ്യന്ഭരണകൂടത്തിന്റേയും അഴിമതിക്കഥകള് ബ്ലോഗിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ചായിരുന്നു നവാല്നി പൊതുരംഗത്ത് സജീവമായത്. പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയതോടെ നവാല്നി പുടിന് കൂടുതല് തലവേദനയായി. ജനപിന്തുണയേറുകയും ചെയ്തു. 2020-ല് വിഷപ്രയോഗത്തിലൂടെ നവാല്നിയെ കൊലപ്പെടുത്താന് ശ്രമം നടന്നെങ്കിലും ദൗത്യം വിജയിച്ചില്ല.

വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. തടവിൽ കഴിഞ്ഞിരുന്ന യമാലോ-നെനെറ്റ്സ് ജില്ലയിലെ ജയിലിലെ ഉദ്യോഗസ്ഥരാണ് നവാല്നി മരിച്ചെന്ന വിവരം അറിയിച്ചത്. ആർക്ടിക് പ്രിസൺ കോളനിയിലെ ജയിലില് 19 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച നടക്കാൻ പോയി വന്നതിന് ശേഷം അദ്ദേഹത്തിന് അസ്വസ്ഥത തോന്നി. ഉടൻ തന്നെ ബോധം നഷ്ടപ്പെട്ടു. എമർജൻസി മെഡിക്കൽ സ്റ്റാഫ് എത്തി അടിയന്തര വൈദ്യസഹായം നല്കിയെങ്കിലും രക്ഷിക്കാനായില്ല എന്നാണ് ഉദ്യോഗസ്ഥര് പറഞ്ഞത്.

dot image
To advertise here,contact us
dot image