
ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ ജസീറയുടെ ഗാസ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂഹിന്റെ മകൻ ഉൾപ്പെടെ രണ്ട് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഹംസ അൽദഹ്ദൂഹും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ എഎഫ്പിയുടെ വീഡിയോ സ്ട്രിംഗറായ മുസ്തഫ തുറയയും ആണ് കൊല്ലപ്പെട്ടത്. ഖാൻ യൂനിസിനും റഫയ്ക്കും ഇടയിലുള്ള ഒരു ജനവാസ മേഖലയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.
ഒക്ടോബറിൽ ഇസ്രായേൽ ആക്രമണത്തിൽ വാഇൽ ദഹ്ദൂഹിന്റെ കുടുംബത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഭാര്യ ഉമ്മു ഹംസ, 15കാരനായ മകൻ മഹ്മൂദ്, ഏഴു വയസ്സുള്ള മകൾ ഷാം, പേരമകൻ ആദം എന്നിവരാണ് കൊല്ലപ്പെട്ടത്. അന്ന് ഗാസയിലെ നുസൈറാത്തിലുള്ള അഭയാർത്ഥി ക്യാംപിലായിരുന്നു ഇസ്രായേൽ ആക്രമണം നടന്നത്. ഡിസംബർ 15ന് ഖാൻ യൂനിസിൽ ഇസ്രയേൽ ഷെല്ലാക്രമണത്തിൽ അൽജസീറ കാമറാമൻ സാമിർ അബൂദഖ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ വാഇലിനും പരിക്കേറ്റിരുന്നു.
ഹംസ അൽ ജസീറയിൽ പ്രൊഡ്യൂസറായും വീഡിയോഗ്രാഫറായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഇൻസ്റ്റഗ്രാമിൽ ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് ഹംസയ്ക്കുള്ളത്. കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പ് ഹംസ പിതാവിന്റെ ഒരു ചിത്രം അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. 'എന്റെ പിതാവേ, നിങ്ങൾ ക്ഷമയും പ്രതിഫലം തേടുന്നവനുമാണ്, അതിനാൽ ദൈവത്തിന്റെ കരുണയിൽ നിരാശപ്പെടരുത്, ദൈവമാണെന്ന് ഉറപ്പാക്കുക. ക്ഷമയോടെ നിന്നതിന് നിങ്ങൾക്ക് നല്ല പ്രതിഫലം നൽകും' അടിക്കുറിപ്പിൽ പറയുന്നു.