ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ഇന്ത്യ വിശ്വസ്ത സുഹൃത്തെന്ന് ഷെയ്ഖ് ഹസീന

നാലാം തവണയും ഷെയ്ഖ് ഹസീന തന്നെ പ്രധാനമന്ത്രിയാകാനാണ് സാധ്യത. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിച്ചതോടെയാണ് ഭരണത്തിൽ ഷെയ്ഖ് ഹസീന തന്നെ തുടരുമെന്ന് ഏറെക്കുറെ ഉറപ്പായത്.

dot image

ധാക്ക: ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇന്ത്യയെ വിശ്വസ്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. 1971ലെ യുദ്ധകാലത്ത് ബംഗ്ലാദേശികൾക്ക് അഭയം നൽകിയ രാജ്യമാണ് ഇന്ത്യയെന്നും അവർ ഓർമ്മിപ്പിച്ചു.

'ഞങ്ങൾ വളരെ ഭാഗ്യം ചെയ്തവരാണ്. ഇന്ത്യ ഞങ്ങളുടെ വിശ്വസ്ത സുഹൃത്താണ്. വിമോചന സമര കാലത്ത് ഇന്ത്യ ഞങ്ങളെ പിന്തുണച്ചു. 1975ന് ശേഷം ബംഗ്ലാദേശികൾക്ക് കുടുംബം തന്നെയും നഷ്ടമായപ്പോൾ ഇന്ത്യ ഞങ്ങൾക്ക് അഭയം നൽകി. ഇന്ത്യയിലെ ജനങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു'. തിരഞ്ഞെടുപ്പ് ദിനത്തിൽ ഇന്ത്യക്ക് നൽകാനുള്ള സന്ദേശമെന്താണെന്ന ചോദ്യത്തിന് മാധ്യമങ്ങളോട് ഷെയ്ഖ് ഹസീന മറുപടി നൽകി.

നാലാം തവണയും ഷെയ്ഖ് ഹസീന തന്നെ പ്രധാനമന്ത്രിയാകാനാണ് സാധ്യത. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിച്ചതോടെയാണ് ഭരണത്തിൽ ഷെയ്ഖ് ഹസീന തന്നെ തുടരുമെന്ന് ഏറെക്കുറെ ഉറപ്പായത്. കാവൽ സർക്കാരിന്റെ ചുമതലയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്നാണ് പ്രധാന പ്രതിപക്ഷമായ ബിഎൻപി തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുന്നത്. ഇന്ത്യയും ചൈനയും തിരഞ്ഞെടുപ്പിന് പിന്തുണ നൽകുന്നുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പിന് വിശ്വാസ്യത പോരെന്ന നിലപാടാണ് പാശ്ചാത്യ രാജ്യങ്ങൾക്കുള്ളത്.

മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള പാർട്ടിയാണ് ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി). നിലവിൽ ഖാലിദ വീട്ടുതടങ്കലിലാണ്.

dot image
To advertise here,contact us
dot image