
May 22, 2025
06:26 PM
ടോക്കിയോ: ഹനേഡ വിമാനത്താവളത്തിൽ എത്തിയ വിമാനം ജാപ്പനീസ് കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടച്ചുണ്ടായ അപകടത്തിൽ അഞ്ച് മരണം. കോസ്റ്റ് ഗാർഡിന്റെ വിമാനത്തിലുണ്ടായിരുന്ന അഞ്ചു പേരാണ് മരിച്ചത്. ക്യാപ്റ്റൻ രക്ഷപ്പെട്ടതായി ടെറ്റ്സുവോ സൈറ്റോ വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
ജപ്പാൻ എയർലൈൻസ് വിമാനത്തിലെ 379 യാത്രക്കാരും ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം പൂര്ണമായും കത്തിയമർന്നു. അതിനു മുമ്പ് തന്നെ എല്ലാ യാത്രക്കാരേയും ജീവനക്കാരേയും സമയം പാഴാക്കാതെ പുറത്തെത്തിക്കാന് കഴിഞ്ഞെന്ന് അധികൃതർ വ്യക്തമാക്കി. അപകട കാരണം പരിശോധിച്ചുവരികയാണെന്ന് ജപ്പാൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഹനേഡയിലെ എല്ലാ റൺവേകളും അടച്ചതായി എയർപോർട്ട് വക്താവ് പറഞ്ഞു.
ഷിന് ചിറ്റോസെയില് നിന്ന് ഹനേഡഡയിലേക്ക് വന്ന ജെഎഎല് 516 വിമാനമാണ് അപകടത്തില്പ്പെട്ടത്. എയര്ബസ് എ350 ശ്രേണിയില്പ്പെട്ട വിമാനമാണിത്. കഴിഞ്ഞദിവസമുണ്ടായ ഭൂചലനത്തില്പെട്ടവര്ക്ക് സഹായവുമായി പോവുകയായിരുന്ന വിമാനമാണ് ജപ്പാന് എയര്ലൈന്സ് വിമാനവുമായി കൂട്ടിയിടച്ചതെന്ന് കോസ്റ്റ് ഗാര്ഡ് വ്യക്തമാക്കി.