
ക്രിസ്മസ് ദിനത്തിൽ മെഴുകുതിരി തെളിയിക്കുന്നതിന് പിന്നിലുമുണ്ട് ചില കഥകളും വിശ്വാസങ്ങളും പ്രതീക്ഷകളും. ലോകത്തിന് പ്രത്യാശയേകി, പ്രതീക്ഷയുടെ ഉദയമായി ഉണ്ണിയേശു പിറന്നുവീണ ആ സുദിനത്തിന്റെ ഉഷ്മളതയാണ് ഓരോ ക്രിസ്മസ് ദിനത്തിലും തെളിയിക്കുന്ന മെഴുകുതിരി വെട്ടം. ക്രിസ്മസ് മരത്തെ കെട്ടിപ്പിടിച്ചിരിക്കുന്ന ദീപാലങ്കാരങ്ങൾക്കും തിളങ്ങുന്ന കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങൾക്കും വർണക്കടലാസുകളിൽ പൊതിഞ്ഞുവച്ച സമ്മാനങ്ങൾക്കുമപ്പുറം മെഴുകുതിരി വെളിച്ചം നൽകുന്നത് ആത്മീയവും ഗൃഹാതുരവുമായ അനുഭൂതിയാണ്.
മെഴുകുതിരി വെളിച്ചവും ക്രിസ്മസും തമ്മിലുള്ള ബന്ധം ബത്ലഹേമിൽ തെളിഞ്ഞ നക്ഷത്രങ്ങളോട് ചേർന്ന് കിടക്കുന്നു. യേശു ജനിച്ച സമയം ആകാശത്ത് തെളിഞ്ഞ നക്ഷത്രങ്ങളുടെ പ്രതീകമാണ് പിന്നീട് ഓരോ ക്രിസ്മസിനും തെളിയിക്കുന്ന മെഴുകുതിരികൾ. കൊളോണിയൽ കാലം മുതൽ മെഴുകുതിരി തെളിയിക്കുന്നതിന് പലതരം ആഖ്യാനങ്ങളുണ്ട്.
ക്രിസ്മസ് മരത്തെ കെട്ടിപ്പിടിച്ചിരിക്കുന്ന ദീപാലങ്കാരങ്ങൾക്കും തിളങ്ങുന്ന കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങൾക്കും വർണക്കടലാസുകളിൽ പൊതിഞ്ഞുവച്ച സമ്മാനങ്ങൾക്കുമപ്പുറം മെഴുകുതിരി വെളിച്ചം നൽകുന്നത് ആത്മീയവും ഗൃഹാതുരവുമായ അനുഭൂതിയാണ്.
വീടിന്റെ വരാന്തയിലെ ജനാലയിൽ തെളിയുന്ന മെഴുകിതിരി വെട്ടം അതുവഴി കടന്നുപോകുന്നവരെ ആ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു അർത്ഥം. ആ വീട് അബലർക്ക് സുരക്ഷയാകുമെന്നും ആ ദീപത്തിലൂടെ അറിയിക്കുന്നു. സുരക്ഷിതമായ അഭയസ്ഥാനമുണ്ടെന്ന് പുരോഹിതരെ അറിയിക്കാൻ ഐറിഷ് കത്തോലിക്കരുടെ വീടുകളിൽ ദീപങ്ങൾ തെളിയിച്ചിരുന്നുവത്രേ.
ഇന്നും, ചരിത്രപ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമായ കൊളോണിയൽ വില്യംസ്ബർഗിലെ കെട്ടിടങ്ങളുടെ ജനാലകളിൽ മെഴുകുതിരികൾ കത്തിച്ചുവെക്കാറുണ്ട്. മെഴുകുതിരികൾ സ്വാഗത ചിഹ്നമായി ഉപയോഗിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ഓർമ്മയിലാണ് ഇത് ഇന്നും ആചരിക്കുന്നത്.
ക്രിസ്തുമതത്തിൽ യേശുവിനെ ലോകത്തിന്റെ വെളിച്ചമെന്നാണ് വിശേഷിപ്പിക്കുന്നത്. യേശുവിനെ ഓരോ വീട്ടിലേക്കും ആളുകളിലേക്കും സ്വാഗതം ചെയ്യാൻ കൂടിയാണ് ഈ ദീപങ്ങൾ. യേശുവിന്റെ ജനനത്തിലൂടെ ലോകത്തിന് ലഭിച്ച പ്രത്യാശയുടെയും ഇരുട്ടിൽ നിന്നുള്ള രക്ഷയുടെയും പ്രതീകമാണ് ഈ വെളിച്ചം. മതപരമായ വിശ്വാസങ്ങൾക്കപ്പുറം, ദീപം തെളിയുന്നതോടെ പവിത്രവും ശാന്തവുമായ അന്തരീക്ഷം കൂടി ലഭിക്കുന്നുവെന്നതും ഓരോ വീട്ടിലും ഈ മഞ്ഞുകാലത്ത് മെഴുകുതിരി വെളിച്ചം നിറയാൻ കാരണമാകുന്നു.