
റഫ: ഹമാസ് ഇസ്രയേല് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി അവശ്യവസ്തുക്കള് വടക്കന് ഗാസയിലെത്തി. നൂറുകണക്കിന് ആളുകളാണ് പാചകവാതകം അടക്കമുള്ള അവശ്യവസ്തുക്കള്ക്കായി വടക്കന് ഗാസയില് കാത്ത് നില്ക്കുന്നത്. റഫ അതിര്ത്തി വഴി 200 ട്രക്ക് സഹായമാണ് ഗാസയിലേക്ക് എത്തിയത്.1,29,000 ലിറ്റര് ഇന്ധനവും എത്തിയിട്ടുണ്ട്. ഇന്ധനം എത്തുന്നതോടെ ഇന്ധനക്ഷാമത്തോടെ പ്രവര്ത്തനം നിര്ത്തിയ ഗാസയിലെ ആശുപത്രികളുടെ പ്രവര്ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഗുരുതരാവസ്ഥയിലുള്ള 21 രോഗികളെ വടക്കന് ഗാസയില് നിന്ന് മാറ്റിയിട്ടുണ്ട്.
ഇതിനിടെ ഗാസയിലെ വെടിനിര്ത്തലിന്റെ ഭാഗമായി 42 പലസ്തീന് തടവുകാരെയും 14 ഇസ്രയേലി പൗരന്മാരെയും ഇന്ന് മോചിപ്പിക്കും. 18 സ്ത്രീകളെയും 24 കൗമാരക്കായ ആണ് കുട്ടികളെയുമാണ് ഇസ്രയേല് തടവില് നിന്ന് മോചിപ്പിക്കുക. കഴിഞ്ഞ ദിവസം 13 ഇസ്രയേലി ബന്ദികളെയും 30 പലസ്തീൻ തടവുകാരെയും മോചിപ്പിച്ചിരുന്നു. ഗാസയില് തടവിലായിരുന്ന 12 തായ് തൊഴിലാളികളെ ഹമാസ് മോചിപ്പിച്ചതായി സര്ക്കാരിന് സ്ഥിരീകരണം ലഭിച്ചതായി തായ്ലന്ഡ് പ്രധാനമന്ത്രി സ്രെത്ത തവിസിന് ഇന്നലെ അറിയിച്ചിരുന്നു. നാല് ദിവസം കൊണ്ട് 50 ബന്ദികളെ ഹമാസും 150 പലസ്തീന് തടവുകാരെ ഇസ്രയേലും മോചിപ്പിക്കും എന്നായിരുന്ന താല്ക്കാലിക വെടിനിര്ത്തല് ധാരണ. ഓരോ 10 ബന്ദികളുടെയും മോചനത്തിന് ഒരു ദിവസം അധിക വെടിനിര്ത്തലുണ്ടാകുമെന്നും ധാരണയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു.
ഹമാസ് തടവിലുണ്ടായിരുന്ന ഇസ്രയേലി പൗരന്മാരായ ബന്ധികളെ ഗാസയിലെ ഇന്റര്നാഷണല് റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. പിന്നീട് ഇവരെ റഫ ക്രോസിംഗ് വഴി ഈജിപ്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. തടവുകാരെ മെഡിക്കല് ചെക്കപ്പിനായി ഇസ്രായേലിലെ നെഗേവ് മരുഭൂമിയിലെ സൈനിക താവളത്തിലേക്ക് കൊണ്ടുപോകുകയും അതിന് ശേഷം ഹെലികോപ്റ്ററില് ആശുപത്രികളിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഇസ്രായേല് തടവറയിലുണ്ടായിരുന്ന പലസ്തീന് തടവുകാരെ അധിനിവേശ വെസ്റ്റ് ബാങ്കിലെയും അധിനിവേശ കിഴക്കന് ജറുസലേമിലെയും കുടുംബങ്ങളിലേക്കാണ് തിരിച്ചയച്ചത്.
പ്രത്യാശയുടെ നുറുങ്ങുവെട്ടം; ഇസ്രയേല് 39 പലസ്തീൻ തടവുകാരെയും ഹമാസ് 24 ബന്ദികളെയും വിട്ടയച്ചുഇതിനിടെ നാല് ദിവസത്തെ വെടി നിർത്തൽ ഉടമ്പടി താൽക്കാലികം മാത്രമാണെന്ന ഇസ്രയേൽ സർക്കാരിൻ്റെ നിലപാട് ആവർത്തിച്ച് പ്രതിരോധമന്ത്രി യോവ് ഗാലൻ്റ് രംഗത്ത് വന്നിരുന്നു. അതിനുശേഷം ഇസ്രായേൽ പൂർണ്ണ സൈനിക ശക്തിയോടെ യുദ്ധം പുനരാരംഭിക്കുമെന്നും ലക്ഷ്യങ്ങൾ കൈവരിക്കുന്നത് വരെ യുദ്ധം തുടരുമെന്നുമായിരുന്നു ഗാലൻ്റ് വ്യക്തമാക്കിയത്. ഹമാസിനെ നശിപ്പിക്കുകയും ഗാസയിലുള്ള 240 ബന്ദികളെ നാട്ടിലേക്ക് കൊണ്ടുവരികയും ചെയ്യുമെന്ന് ഗാലൻ്റ് പറഞ്ഞിരുന്നു.