
റഫ: ഗാസയിലേക്ക് ഇന്ധനമെത്തിക്കാന് ഒടുവില് ഇസ്രായേല് അനുമതി നല്കി. 25,000 ലിറ്റര് ഇന്ധനമെത്തിക്കാനാണ് ഇസ്രയേല് അനുമതി നല്കിയിരിക്കുന്നത്. യുഎന് ദൗത്യങ്ങള്ക്ക് ഉപയോഗിക്കാനാണ് ഇന്ധനമെത്തിക്കുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഗാസയിലേക്ക് ഇന്ധനമെത്തിക്കുന്നത്. ഈജിപ്തില് നിന്ന് റഫ അതിര്ത്തിവഴി ഗാസയിലേക്ക് ഇന്ധനമെത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഗാസ സിറ്റിയിലെ അല്-ഷിഫ ആശുപത്രിയില് കടന്നു കയറി ഇസ്രയേല് സൈന്യം റെയ്ഡ് നടത്തി. നവജാത ശിശുക്കള് ഉള്പ്പടെ 2,300 ആശുപത്രിയിലുണ്ടെന്ന് യു എന് വ്യക്തമാക്കുന്നു. അല്-ഷിഫ ആശുപത്രിക്ക് ചുറ്റുമുള്ള വലിയ മൈതാനങ്ങളില് രോഗികളല്ലാത്ത ധാരാളം ആളുകള് ആക്രമണങ്ങളില് നിന്നും രക്ഷതേടി അഭയം പ്രാപിച്ചിരുന്നു. ഇവരെയും ഇസ്രയേല് സൈന്യം ചോദ്യം ചെയ്തതായി റിപ്പോര്ട്ടുകളുണ്ട്. അല്-ഷിഫ ആശുപത്രി കേന്ദ്രീകരിച്ചാണ് ഹമാസിന്റെ പ്രവര്ത്തനമെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ നീക്കം. ഗാസയിലെ അല്-ഷിഫ അടക്കമുള്ള ആശുപത്രികളെ കമാന്ഡ് കേന്ദ്രങ്ങളായി ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം ഹമാസ് നിഷേധിച്ചു. ഇസ്രയേലും അമേരിക്കയും 'ക്രൂരമായ കൂട്ടക്കൊലകളെ' ന്യായീകരിക്കാന് ശ്രമിക്കുന്നതായി ഹമാസ് ആരോപിച്ചു.
'ആശുപത്രിയെയും രോഗികളെയും ആക്രമിക്കരുത്'; ഇസ്രയേലിന്റെ ആശുപത്രി ആക്രമണത്തിനെതിരെ അമേരിക്കഇതിനിടെ ഇസ്രയേല് അധിനിവേശത്തിനെതിരെ കടുത്ത നിലപാടുമായി പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രംഗത്ത് വന്നു. ഗാസ മുനമ്പിലെയും വെസ്റ്റ് ബാങ്കിലെയും പലസ്തീനികള്ക്കെതിരെ ക്രൂരമായ ആക്രമണവും വംശഹത്യയുടെ തുറന്ന യുദ്ധവുമാണ് തങ്ങള് ഒരുമിച്ച് നേരിടുന്നതെന്നായിരുന്നു മഹ്മൂദ് അബ്ബാസിന്റെ പ്രതികരണം. പലസ്തീന് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 35-ാം വാര്ഷികത്തോടനുബന്ധിച്ച് റാമല്ലയില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
'ഇത് പലസ്തീനികളുടെ അസ്തിത്വത്തിനെതിരായ, പലസ്തീന് ദേശീയ സ്വത്വത്തിനും, ഭൂമിയുടെ സ്വത്വത്തിനും, അതിലെ നിവാസികളുടെ സ്വത്വത്തിനും എതിരായ യുദ്ധമാണ്. പലസ്തീന് ഞങ്ങളുടെ ഒരേയൊരു മാതൃരാജ്യമാണ്, ഞങ്ങള് അതിനെയൊരു ബദലായി അംഗീകരിക്കില്ല, ഞങ്ങളുടെ ഭൂമി വിട്ടുപോകേണ്ട ആരെങ്കിലും ഉണ്ടെങ്കില്, അത് അധിനിവേശക്കാരാണ്, അധിനിവേശക്കാര് മാത്രമാണ്,' മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.