വനിതാ റിപ്പോർട്ടറോട് മോശമായി പെരുമാറിയ സംഭവം; ചർച്ചയായതോടെ അറസ്റ്റ്

അയാൾ മാപ്പ് പറഞ്ഞുവെങ്കിലും വീണ്ടും ഇസയുടെ തലയിൽ തൊടാനുള്ള ശ്രമവും നടത്തി

dot image

മാഡ്രിഡ്: തത്സമയ ടിവി കവറേജിനിടെ വനിതാ റിപ്പോർട്ടറോട് മോശമായി പെരുമാറിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ടിവിയിൽ ലൈവ് റിപ്പോർട്ടിങ്ങ് നടത്തുന്നതിനിടയിലായിരുന്നു സംഭവം. ഇസ ബലാഡോ എന്ന റിപ്പോർട്ടർക്കാണ് ദുരനുഭവം ഉണ്ടായത്. ലൈവ് റിപ്പോർട്ടിങ്ങിനിടെ പുറകിൽ നിന്ന് വന്നയാൾ മാധ്യമപ്രവർത്തകയുടെ പിൻഭാഗത്ത് സ്പർശിക്കുകയായിരുന്നു. ഞെട്ടിയ റിപ്പോർട്ടർ ഒരു നിമിഷം മിണ്ടാനാകാതെ നിൽക്കുന്നതും വീഡിയോയിൽ കാണാം.

സംഭവം നടന്നയുടൻ അവതാരകൻ ഇടപെട്ട് ചൂണ്ടിക്കാട്ടുകയും ചെയ്തു. തുടർന്ന് വാർത്താ അവതാരകൻ ഇസയോടും ക്യാമറാമാനോടും ആളെ ഫ്രെയിമിൽ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അനുചിതമായ പെരുമാറ്റത്തെ ചോദ്യം ചെയ്തുകൊണ്ട് ഇസ ഇയാളെ ഫ്രെയ്മിൽ കാണിക്കുകയും ചെയ്തു. എന്തിനാണ് തന്റെ പിൻഭാഗത്ത് സ്പർശിച്ചത് എന്ന ചോദ്യത്തിന് താൻ അങ്ങനെ ചെയ്തില്ല എന്നാണ് ആദ്യം ഇയാൾ മറുപടി പറഞ്ഞത്. തുടർന്ന്, ഇതൊരു തത്സമയ പരിപാടിയാണെന്നും താൻ സ്പർശിച്ചു എന്നും ഇസ ഇയാളോട് പറഞ്ഞു. പിന്നീട് ഇയാൾ മാപ്പ് പറഞ്ഞുവെങ്കിലും വീണ്ടും ഇസയുടെ തലയിൽ തൊടാനുള്ള ശ്രമവും നടത്തി.

സംഭവത്തിന് പിന്നാലെ മാഡ്രിഡ് പൊലീസിൽ പരാതി നൽകുകയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇസയ്ക്ക് പിന്തുണയറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സ്പെയിനിലെ തൊഴിൽ മന്ത്രിയായ യോലാൻഡ ഡിയാസ് സംഭവത്തിൽ പ്രതികരിച്ചു. പുരുഷ മേധാവിത്വത്തിന്റെ പ്രതിഫലനമാണെന്നാണ് യോലാൻഡ സംഭവത്തെ വിശേഷിപ്പിച്ചത്.

dot image
To advertise here,contact us
dot image