
ലണ്ടൻ: ഏഴ് നവജാതശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ആറുകുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ യുകെയിലെ നഴ്സ് ലൂസി ലെറ്റ്ബി(33)ക്ക് ആജീവനാന്തം തടവ്. യു കെയുടെ ബേബി കില്ലർ എന്നറിയപ്പെടുന്ന ലൂസി കുറ്റക്കാരിയെന്ന് മാഞ്ചസ്റ്റർ ക്രൗൺ കോടതി കണ്ടെത്തിയിരുന്നു.
2015-നും 2016-നുമിടയിൽ ജോലി ചെയ്തിരുന്ന വടക്കൻ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിലെ അഞ്ച് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയുമാണ് ലെറ്റ്ബി കൊലപ്പെടുത്തിയത്. ആശുപത്രിയിലെ നവജാതശിശുക്കളുടെ പരിചരണ ചുമതലയായിരുന്നു ഇവർക്ക്. കുഞ്ഞുങ്ങൾക്ക് ഇൻസുലിനോ വായുവോ കുത്തിവയ്ക്കുകയോ ബലപ്രയോഗത്തിലൂടെ പാൽ നൽകുകയോ ചെയ്തായിരുന്നു കൊലപ്പെടുത്തൽ.
2015 ജൂണിൽ രോഗങ്ങളൊന്നുമില്ലാത്ത മൂന്നുകുട്ടികൾ പെട്ടെന്ന് മരിച്ചതാണ് സംശയങ്ങൾക്ക് വഴിവെച്ചത്. ആരോഗ്യം മോശമാവുന്ന കുട്ടികൾ ലൂസി പരിചരിക്കുന്നവരാണെന്നും സംഭവത്തിൽ സംശയമുണ്ടെന്നും ഡോക്ടർ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. പിന്നീട് പൊലീസ് കേസ് അന്വേഷിക്കുകയായിരുന്നു.