ഇറ്റലിയില് കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞു; 41 പേര് മരിച്ചു

അപകടത്തില് നിന്ന് രക്ഷപ്പെട്ടവര് ഇറ്റാലിയന് ദ്വീപായ ലാംപെഡൂസയിലെത്തിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്

dot image

ലാംപെഡൂസ: മെഡിറ്ററേനിയന് കടലില് അഭയാര്ത്ഥികളുമായി പോയ ബോട്ട് മറിഞ്ഞ് 41 പേര് മരിച്ചു. അപകടത്തില് നിന്ന് രക്ഷപ്പെട്ടവര് ഇറ്റാലിയന് ദ്വീപായ ലാംപെഡൂസയിലെത്തിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്. ടുണീഷ്യയിലെ സ്ഫാക്സില് നിന്ന് ഇറ്റലിയിലേക്കുള്ള യാത്രാമധ്യേയാണ് ബോട്ട് മുങ്ങിയതെന്ന് അപകടത്തില് നിന്ന് രക്ഷപ്പെട്ട നാല് പേര് രക്ഷാപ്രവര്ത്തകരോട് പറഞ്ഞു. ബുധനാഴ്ചയാണ് ഇവര് ലാംപെഡൂസയില് എത്തിയതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.

ബോട്ടില് 45 പേരുണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ടവര് പറഞ്ഞത്. ഇതില് മൂന്ന് കുട്ടികളുമുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബോട്ട് ടുണീഷ്യയില് നിന്ന് പുറപ്പെട്ടത്. പുറപ്പെട്ട് മണിക്കൂറുകള്ക്കകം തന്നെ തിരമാലയില്പ്പെട്ട് ബോട്ട് മുങ്ങി. 15 പേര്ക്കുള്ള ലൈഫ് ജാക്കറ്റ് മാത്രമാണ് ബോട്ടില് ഉണ്ടായിരുന്നതെന്നും രക്ഷപ്പെട്ടവര് പറഞ്ഞു.

രക്ഷപ്പെട്ടവരില് മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളത്. കാര്ഗോ ഷിപ്പില് രക്ഷപ്പെട്ട ഇവരെ പിന്നീട് കോസ്റ്റ് ഗാര്ഡിന് കൈമാറി. കഴിഞ്ഞ ഞായറാഴ്ച രണ്ട് ബോട്ടുകള് അപകടത്തില്പ്പെട്ടതായി ഇറ്റാലിയന് കോസ്റ്റ് ഗാര്ഡ് റിപ്പോര്ട്ട് ചെയ്തിരുന്നു. എന്നാല് ഇതില് ഏതെങ്കിലും ടുണീഷ്യയില് നിന്ന് പുറപ്പെട്ട ബോട്ടാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

dot image
To advertise here,contact us
dot image