യുക്രെയ്നെതിരെ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണം നടത്തി റഷ്യ

പടിഞ്ഞാറൻ യുക്രെയ്നിലാണ് ആക്രമണമുണ്ടായത്

dot image

കീവ്: യുക്രെയ്നെതിരെ വീണ്ടും മിസൈലാക്രമണവും ഡ്രോൺ ആക്രമണവും നടത്തി റഷ്യ. ക്രൂയിസ്, ഹൈപ്പർസോണിക് മിസൈലുകളും ഇറാൻ നിർമ്മിത ഡ്രോണുകളും ഉപയോഗിച്ച് ആണ് റഷ്യ വ്യോമാക്രമണം നടത്തിയത്. രാത്രി ഏറെ നേരം ആക്രമണം നടന്നു. ഏകദേശം പത്ത് മിസൈലുകൾ നിയന്ത്രണ രേഖ കടന്നതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു.

പടിഞ്ഞാറൻ യുക്രെയ്നിലാണ് ആക്രമണമുണ്ടായത്. ഏകദേശം 40 ഓളം ക്രൂയിസ് മിസൈലുകളും 27 ഡ്രോണുകളും യുക്രെയ്ൻ നശിപ്പിച്ചു. റഷ്യൻ വ്യോമാക്രമണത്തിൽ ഗ്രെയിൻ സിലോയിലുളള ഒരു തൊഴിലാളിക്ക് പരിക്കേറ്റതായും വ്യോമസേന അറിയിച്ചു.

റഷ്യ യുക്രെയ്നെതിരെ കിൻസാൽ ഹൈപ്പർസോണിക് മിസൈലുകൾ തൊടുത്തതായും യുക്രെയ്ൻ അധികൃതർ പറഞ്ഞു. സ്റ്റാറോകോസ്റ്റിയാന്റിനിവിലെ ഒരു സൈനിക എയർഫീൽഡും റഷ്യ ലക്ഷ്യംവെച്ചിട്ടുണ്ടെന്ന് ഖ്മെൽനിറ്റ്സ്കി മേഖലയിലെ ഡെപ്യൂട്ടി ഗവർണർ സെർഹി ടിയൂറിൻ പറഞ്ഞു. മിക്ക മിസൈലുകളും വ്യോമസേന വെടിവെച്ചിട്ടുവെന്ന് ഗവർണർ പറഞ്ഞു.

റഷ്യൻ അക്രമത്തിൽ ചില വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഒരു സാംസ്കാരിക സ്ഥാപനവും ബസ് സ്റ്റേഷനും നശിച്ചു. ഗ്രെയിൻ സിലോയിൽ വ്യോമാക്രമണത്തിൽ തീപിടിത്തമുണ്ടായെന്നും സെർഹി ടിയൂറിൻ പറഞ്ഞു. ജൂലൈ അവസാനത്തിലും സ്റ്റാറോകോസ്റ്റിയാന്റിനിവ് സൈനിക കേന്ദ്രത്തെ റഷ്യ ലക്ഷ്യമിട്ടിരുന്നു. അതേസമയം ആക്രമണത്തെ കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല.

dot image
To advertise here,contact us
dot image