നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്താന് ജോ ബൈഡന് ബ്രിട്ടനില്

യുക്രെയ്ന് ക്ലസ്റ്റര് ബോംബുകള് നല്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ നേരത്തെ ബ്രിട്ടന് രംഗത്ത് വന്നിരുന്നു

dot image

നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി ബ്രിട്ടീഷ് പ്രധാമന്ത്രി ഋഷി സുനകുമായുള്ള കൂടിക്കാഴ്ചയ്ക്ക് അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന് ബ്രിട്ടനിലെത്തി. യുക്രെയ്ന് ക്ലസ്റ്റര് ബോംബുകള് നല്കുന്നത് അടക്കമുള്ള വിഷയങ്ങള് ബൈഡന്-സുനക് കൂടിക്കാഴ്ചയില് ചര്ച്ചയാകുമെന്നാണ് രാജ്യാന്തര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.

ലിത്വാനിയയില് നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായാണ് ബൈഡന്റെ യൂറോപ്യന് സന്ദര്ശനം. ഞായറാഴ് രാത്രി ബ്രിട്ടനിലെത്തിയ ബൈഡന്, ചാള്സ് മൂന്നാമന് രാജാവുമായി വിന്ഡ്സര് പാലസില് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. സ്ഥാനമേറ്റടുത്തതിന് ശേഷം ആദ്യമായാണ് ബൈഡന്-ചാള്സ് കൂടിക്കാഴ്ച നടക്കുന്നത്. നേരത്തെ ചാള്സ് രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങില് ബൈഡന് പങ്കെടുത്തിരുന്നില്ല. പകരം പ്രഥമ വനിത ജില് ബൈഡനാണ് പങ്കെടുത്തത്. പാരിസ്ഥിതിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്ച്ചകളാണ് കൂടിക്കാഴ്ചയില് നടക്കുകയെന്ന് രാജ്യാന്തര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.

10 ഡൗണിംഗ് സ്ട്രീറ്റില് നടക്കുന്ന ബൈഡന്-ഋഷി സുനക് കൂടിക്കാഴ്ചയും നിര്ണ്ണായകമാണ്. യുക്രെയ്ന് ക്ലസ്റ്റര് ബോംബുകള് നല്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ ബ്രിട്ടന് രംഗത്ത് വന്നിരുന്നു. ക്ലസ്റ്റര് ബോംബുകളുടെ നിര്മ്മാണവും ഉപയോഗവും നിരോധിക്കുന്ന 123 രാജ്യങ്ങളുടെ കണ്വെന്ഷനില് ഒപ്പുവെച്ച രാജ്യമാണ് ബ്രിട്ടന് എന്നായിരുന്നു ഈ വിഷയത്തില് പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രതികരണം. യുക്രെയ്ന് ക്ലസ്റ്റര് ബോംബുകള് നല്കാനുണ്ടായ സാഹചര്യം ഋഷി സുനകിനോട് ബൈഡന് വിശദീകരിക്കുമെന്നാണ് റിപ്പോര്ട്ടുകള്. റഷ്യയുമായുള്ള യുദ്ധത്തില് യുക്രെയ്ന് സഹായം നല്കുന്നതിനെക്കുറിച്ച് നാറ്റോ ചര്ച്ച ചെയ്യും. ഈ വിഷയത്തിലും ഇരുനേതാക്കള്ക്കുമിടയില് ചര്ച്ച നടക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നാറ്റോയില് അംഗത്വം വേണമെന്ന യുക്രെയ്ന് സമ്മര്ദ്ദം ശക്തമാകുന്ന സാഹചര്യത്തിലാണ് നാറ്റോ ഉച്ചകോടി എന്നതും പ്രധാനമാണ്. ഈ വിഷയവും ബൈഡന്-ഋഷി സുനക് ചര്ച്ചയില് ഉയര്ന്നു വരുമെന്ന് റിപ്പോര്ട്ടുകളുണ്ട്. യുദ്ധം കഴിയുന്നത് വരെ യുക്രെയ്ന് നാറ്റോ അംഗത്വം നല്കില്ലെന്ന് സിഎന്എന്-ന് നല്കിയ അഭിമുഖത്തില് ജോ ബൈഡന് വ്യക്തമാക്കിയിരുന്നു. യുക്രെയ്നെ ഇപ്പോള് നാറ്റോയില് ഉള്പ്പെടുത്തുന്നത് റഷ്യയുമായുള്ള യുദ്ധത്തില് നാറ്റോയും പങ്കാളികളാകുന്ന സാഹചര്യം സൃഷ്ടിക്കുമെന്നായിരുന്നു ബൈഡന് ചൂണ്ടിക്കാണിച്ചത്. ആക്രമണത്തിന് ഇരയാകുന്ന അംഗരാജ്യത്തെ സഹായിക്കണമെന്ന് നാറ്റോയുടെ ആര്ട്ടിക്കിള് 5ല് പറയുന്നതായി ചൂണ്ടിക്കാണിച്ചായിരുന്നു ബൈഡന് നിലപാട് വ്യക്തമാക്കിയത്.

അമേരിക്കയിലേക്ക് മടങ്ങുന്നതിന് മുമ്പ് ബൈഡന് ഫിന്ലാന്ഡും സന്ദര്ശിക്കും. രണ്ടാം ലോകയുദ്ധത്തിന് ശേഷം നിക്ഷ്പക്ഷമായി തുടര്ന്നിരുന്ന ഫിന്ലാന്ഡ് ഈ വര്ഷം നാറ്റോയിലെ 31-ാമത് അംഗരാജ്യമായി ചേര്ന്നിരുന്നു. അഞ്ച് വര്ഷം മുമ്പ് റഷ്യന് പ്രസിഡന്റ് വ്ളാഡമിര് പുടിനുമായി കൂടിക്കാഴ്ച നടത്താന് ഡൊണാള്ഡ് ട്രംപ് ഫിന്ഡാന്ഡില് എത്തിയിരുന്നു. ഫിന്ഡാന്ഡ് നാറ്റോയില് അംഗമായതിന് ശേഷം ആദ്യമായാണ് ഒരു അമേരിക്കന് പ്രസിഡന്റ് ഹെല്സിങ്കിയില് വിമാനമിറങ്ങുന്നത്.

നേരത്തെ യുക്രെയ്ന് ക്ലസ്റ്റര് ബോംബുകള് നല്കാനുള്ള അമേരിക്കന് തീരുമാനത്തിനെതിരെ സഖ്യകക്ഷികളായ സ്പെയിനും കാനഡയും രംഗത്ത് വന്നിരുന്നു. ചില പ്രത്യേക ആയുധങ്ങള് യുക്രെയ്നിലേക്ക് അയക്കരുതെന്ന കാര്യത്തില് സ്പെയിന് ഉറച്ച നിലപാടുണ്ടെന്നായിരുന്നു സ്പാനിഷ് പ്രതിരോധമന്ത്രി മാര്ഗറിറ്റ റോബല്സിന്റെ പ്രതികരണം.

ക്ലസ്റ്റര് ബോംബുകളുടെ ആഘാത സാധ്യതയെക്കുറിച്ചുള്ള ആശങ്കയാണ് കാനഡ പങ്കുവച്ചത്. കുട്ടികള്ക്ക് അടക്കം ഭീഷണിയായി ക്ലസ്റ്റര് ബോംബുകള് പൊട്ടിത്തെറിക്കാതെ കാലങ്ങളോളം കിടക്കുന്ന സാഹചര്യത്തിലെ ആശങ്കയും കാനഡ പങ്കുവച്ചു. 'ക്ലസ്റ്റര് ബോംബുകളുടെ നിര്മ്മാണവും ഉപയോഗവും നിരോധിക്കുന്ന കണ്വെന്ഷന്റെ സാര്വ്വത്രിക നിലപാടിനെ ഉയര്ത്തിപ്പിടിക്കാനുള്ള ബാധ്യതയെ ഗൗരവമായി കാണുന്നു' എന്ന നിലപാടും കാനഡ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയും റഷ്യയും യുക്രെയ്നും ഈ കണ്വെന്ഷനില് ഒപ്പുവച്ചിട്ടില്ല. അമേരിക്കന് സുഹൃത്തുക്കള് ഇത്തരം ആയുധങ്ങള് നല്കുന്നതിനെ ലഘുവായി കാണുമെന്ന് കരുതുന്നില്ലെന്ന നിലപാടാണ് ജര്മ്മന് സര്ക്കാരിന്റെ വക്താവ് സ്റ്റെഫന് ഹെബെസ്ട്രീറ്റ് വ്യക്തമാക്കുന്നത്.

dot image
To advertise here,contact us
dot image