യുക്രെയ്ന് നിരോധിത ക്ലസ്റ്റർ ബോംബുകൾ; സൈനിക സഹായം പ്രഖ്യാപിക്കാനൊരുങ്ങി അമേരിക്ക

റഷ്യയെ പ്രതിരോധിക്കാൻ യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ വേണ്ടി വരുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ

dot image

വാഷിങ്ടൺ: റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്ന് ക്ലസ്റ്റർ ബോംബുകൾ നൽകാനുള്ള നീക്കവുമായി അമേരിക്ക. സുരക്ഷ സഹായ പാക്കേജിൻ്റെ ഭാഗമായി യുക്രെയ്നുള്ള സൈനിക സഹായം ഉടൻ അമേരിക്ക പ്രഖ്യാപിക്കും. റഷ്യയെ പ്രതിരോധിക്കാൻ യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ വേണ്ടി വരുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.അമേരിക്ക യുക്രെയ്ന് വേണ്ടി പ്രഖ്യാപിക്കുന്ന പാക്കേജിൽ റോക്കറ്റുകളും കവചിത വാഹനങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ

വലിയ പീരങ്കിയിൽ നിന്ന് പ്രയോഗിക്കാവുന്ന ക്ലസ്റ്റർ ബോംബുകളാണ് യുക്രെയ്ന് നൽകുക. വീഴുന്ന സ്ഥലത്ത് ചെറു ബോംബുകൾ വിതറുന്ന സംവിധാനമാണ് ക്ലസ്റ്റർ ബോംബുകൾ. ഇതിൽ ചില ബോംബുകൾ വീഴുന്ന സമയത്ത് പൊട്ടാതിരിക്കുകയും, കാലങ്ങൾക്ക് ശേഷം ഇവ പൊട്ടി ആളുകൾ മരിക്കുകയും ചെയ്യുന്നു. അമേരിക്കയിൽ ഇത്തരം ആയുധങ്ങൾ കയറ്റുമതി നടത്തുന്നത് നിരോധിച്ച് നിയമം നിലവിലുണ്ട്. യുക്രെയ്ന് വേണ്ടി പ്രസിഡൻ്റ് ജോ ബൈഡന് ഈ നിയമം മറികടക്കാനാവും.

ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ അന്താരാഷ്ട്രതലത്തിൽ നിരോധിച്ചിട്ടില്ലെങ്കിലും, 120ലധികം രാജ്യങ്ങൾ അവയുടെ ഉപയോഗം നിരോധിക്കുന്ന കരാറിൽ ഒപ്പ് വെച്ചിട്ടുണ്ട്. യുഎസും യുക്രെയ്നും റഷ്യയും കരാറിൽ പങ്കാളികളല്ല. ജനങ്ങളുടെ നാശത്തിന് കാരണമായേക്കാവുന്ന ക്ലസ്റ്റർ ബോംബുകൾ നൽകാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

dot image
To advertise here,contact us
dot image