
പാരീസ്: ഫ്രഞ്ച് ഓപ്പണ് വനിതാ കിരീടം സ്വന്തമാക്കി ലോക ഒന്നാം നമ്പര് താരവും പോളണ്ട് താരവുമായ ഇഗ സ്വിയാടെക്. റോളണ്ട് ഗാരോസില് നടന്ന കലാശപ്പോരില് ഇറ്റലിയുടെ ജസ്മിന് പൗളിനിയെ കീഴടക്കിയാണ് ഇഗ തുടര്ച്ചയായ മൂന്നാം തവണയും ചാമ്പ്യനായത്. ഇഗയുടെ കരിയറിലെ നാലാം ഫ്രഞ്ച് ഓപ്പണ് കിരീടമാണിത്. നേരത്തെ 2020, 2022, 2023 വര്ഷങ്ങളിലാണ് ഇഗ ഫ്രഞ്ച് ഓപ്പണ് കിരീടം ചൂടിയത്.
4-TIME ROLAND-GARROS CH4MPION 🏆🏆🏆🏆#RolandGarros @iga_swiatek pic.twitter.com/6yTiJ8ybJr
— Roland-Garros (@rolandgarros) June 8, 2024
കലാശപ്പോരില് അനായാസം വിജയത്തിലെത്താന് ഇഗയ്ക്ക് സാധിച്ചു. 12-ാം സീഡായ ജസ്മിന് പൗളിനിയെ 6-2, 6-1 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്ക്ക് പരാജയപ്പെടുത്തിയാണ് ഇഗയുടെ വിജയം. ആദ്യ സെറ്റില് ഒരിക്കല് ബ്രേക്ക് വഴങ്ങേണ്ടി വന്നെങ്കിലും തുടര്ച്ചയായ പത്ത് ഗെയിമുകള് വിജയിച്ചാണ് ഇഗ മുന്നിലെത്തിയത്.
നാല് ഫ്രഞ്ച് ഓപ്പണ് കിരീടം ചൂടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഇഗ. 23ാം വയസ്സിലാണ് താരം നാലാമത്തെ തവണ ഫ്രഞ്ച് ഓപ്പണ് ചാമ്പ്യനാവുന്നത്. 2022ല് താരം യുഎസ് ഓപ്പണ് നേടുകയും ചെയ്തിരുന്നു. ഇതോടെ ഇഗയുടെ ഗ്രാന്ഡ് സ്ലാം കിരീടനേട്ടം അഞ്ചായി.