
/sports-new/other-sports/2024/04/03/national-long-distance-runner-murali-gavit-arrested-in-doping-test
ബാംഗ്ളൂർ : ദേശീയ അത്ലറ്റിക്ക് താരമായ മുരളി ഗാവിറ്റ് ഉത്തേജക മരുന്ന് പരിശോധനയിൽ പിടിയിൽ. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) എടുത്ത മുരളിയുടെ സാമ്പിളിൽ രക്തത്തിലെ ഓക്സിജൻ്റെ അളവ് വർദ്ധിപ്പിക്കുന്ന ഗ്ലൈക്കോപ്രോട്ടീൻ ഹോർമോണായ എറിത്രോപോയിറ്റിൻ (ഇപിഒ) കണ്ടെത്തിയതായി ഹിന്ദി ദിനപത്രമായ അമർ ഉജാലയാണ് റിപ്പോർട്ട് ചെയ്തത് . 2023 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടന്ന ദേശീയ ഗെയിംസിൽ മുരളി ഗാവിറ്റ് വെള്ളി മെഡൽ നേടിയിരുന്നു. 2024 പുതിയ സീസണിലും രാജ്യത്തിന്റെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു മുരളി.
ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ദേശീയ ഗെയിംസ് വെള്ളി മെഡലും മുരളിക്ക് നഷ്ടമായി. കഴിഞ്ഞ ഗോവയിൽ നടന്ന ദേശീയ ഗെയിംസിനിടെ നടത്തിയ പരിശോധനയാണ് താരത്തിന് വിനയയായത്. ഇതോടെ ഗോവ ദേശീയ ഗെയിംസിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതിൽ കുറ്റക്കാരായ കളിക്കാരുടെ എണ്ണം 27 ആയി.
കഴിഞ്ഞ വർഷം നടന്ന 62-ാമത് നാഷണൽ ഓപ്പണിൽ പുരുഷന്മാരുടെ 5,000 മീറ്റർ ഇനത്തിൽ 14:08.49 സെക്കൻഡിന്റെ ദേശീയ റെക്കോർഡിട്ടിരുന്നു. 2019-ൽ ദോഹയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10,000 മീറ്റർ വെങ്കലം നേടി. അതേസമയം, 1998 ബാങ്കോക്ക് ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവും ലോക ബില്യാർഡ്സ് ചാമ്പ്യൻഷിപ്പ് റണ്ണറപ്പുമായ ഭാസ്കർ ബാലചന്ദ്രയും ഉത്തേജകമരുന്ന് നിയമങ്ങൾ ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂന്നു വർഷത്തേക്കായിരിക്കും ഇരുവർക്കും വിലക്ക് ലഭിക്കുക. താൻ മനപ്പൂർവ്വം ഉത്തേജകം ഉപയോഗിക്കില്ലെന്നും ഭക്ഷണത്തിലൂടെ അറിയാതെ കടന്നുകൂടിയതാവാമെന്നും അപ്പീലിന് പോകുമെന്നും മുരളി മാധ്യമങ്ങളോട് പറഞ്ഞു.