
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് റിലേയിൽ ഇന്ത്യൻ സംഘത്തിന്റെ കുതിപ്പ്. പുരുഷ റിലേയിൽ ഇന്ത്യൻ സംഘം സ്വർണം സ്വന്തമാക്കിയപ്പോൾ വനതികൾ വെള്ളി സ്വന്തമാക്കി. പുരുഷൻമാരുടെ 4*400 മീറ്റർ റിലേയിൽ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, തമിഴ്നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് സുവർണ നേട്ടം സ്വന്തമാക്കിയത്. മൂന്ന് മിനിറ്റും ഒരു സെക്കന്റും 58 മില്ലി സെക്കന്റുംകൊണ്ടാണ് ഇന്ത്യൻ സംഘം ഫിനിഷിങ് പോയിന്റിൽ ഓടിയെത്തിയത്. പുരുഷ റിലേയിലെ ദേശീയ റെക്കോർഡ് സമയവുമാണ് ഇന്ത്യൻ സംഘം ഹാങ്ചൗവിൽ കുറിച്ചത്.
ഏഷ്യൻ ഗെയിംസ് 11 ദിനത്തിലെ ഇന്ത്യയുടെ അവസാന മെഡലാണ് പുരുഷ വിഭാഗം റിലേയിൽ വന്നത്. ഇതോടെ ഇന്ത്യൻ മെഡൽ നേട്ടം 81ലേക്ക് ഉയർന്നു. 18 സ്വർണവും 31 വെള്ളിയും 32 വെങ്കലവും ഇന്ത്യൻ താരങ്ങൾ ഇതുവരെ നേടിയെടുത്തു. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മെഡൽ വേട്ടയാണിത്.
അഞ്ച് ദിവസം കൂടെ ഏഷ്യൻ ഗെയിംസ് ബാക്കി നിൽക്കെ ഇന്ത്യൻ മെഡൽ നേട്ടം 100ലേക്ക് എത്തുമെന്ന് പ്രതീക്ഷയാണ് കായിക ലോകത്തിനുള്ളത്. പോയിന്റ് പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. ചൈനയാണ് പട്ടികയിൽ ഒന്നാമത്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക