
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും എറിഞ്ഞിട്ട് ഇന്ത്യൻ താരങ്ങൾ. പ്രതീക്ഷിച്ച പോലെ ഇന്ത്യൻ താരം നീരജ് ചോപ്രയാണ് സ്വർണ മെഡൽ നേടിയത്. 88.88 ദൂരമെറിഞ്ഞാണ് നീരജിന്റെ നേട്ടം. സീസണിലെ ഏറ്റവും മികച്ച ദൂരമാണ് നീരജ് ഏഷ്യൻ ഗെയിംസിൽ പിന്നിട്ടത്. ഒളിംപിക്സ് സ്വർണ മെഡൽ ജേതാവും ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനും ശേഷം ഏഷ്യൻ ഗെയിംസിലും സുവർണ നേട്ടം ആവർത്തിച്ചിരിക്കുകയാണ് നീരജ്.
നീരജിനൊപ്പം കിഷോർ കുമാർ ജെന്നയും മികച്ച പ്രകടനം നടത്തി. ഒരു ഘട്ടത്തിൽ നീരജിനെ പോലും ഞ്ഞെട്ടിച്ച് കിഷോർ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. മികച്ച വ്യക്തിഗത നേട്ടത്തോടെ 87.54 മീറ്റർ ജാവലിൻ എറിഞ്ഞാണ് കിഷോർ കുമാർ വെള്ളി മെഡൽ നേടിയത്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനവും കിഷോർ നേടിയിരുന്നു. ഏഷ്യൻ ഗെയിംസിലെ പ്രകടനത്തോടെ കിഷോർ കുമാർ പാരിസ് ഒളിംപിക്സിനും യോഗ്യത നേടി.
ഏഷ്യൻ ഗെയിംസ് 11 ദിനം പൂർത്തിയാകുമ്പോൾ ഇന്ത്യയുടെ മെഡൽ നേട്ടം 81ലേക്ക് ഉയർന്നു. 18 സ്വർണവും 31 വെള്ളിയും 32 വെങ്കലവും ഉൾപ്പെടെയാണ് ഇന്ത്യൻ താരങ്ങളുടെ നേട്ടം. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മെഡൽ വേട്ടയാണിത്. പോയിന്റ് പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക