അപരാജിതം ഇന്ത്യ; ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ബംഗ്ലാദേശിനെ തകർത്തു

ഹർമൻപ്രീത് സിംഗിനും മൻപ്രീത് സിംഗിനും ഹാട്രിക്

dot image

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ ആധിപത്യം തുടരുന്നു. ഉസ്ബെക്കിസ്ഥാനെയും സിംഗപ്പൂരിനെയും പാകിസ്താനെയും ജപ്പാനെയും തകർത്ത ഇന്ത്യയുടെ ഇന്നത്തെ ഇര ബംഗ്ലാദേശായിരുന്നു. എതിരില്ലാത്ത 10 ഗോളിന് ബംഗ്ലാ കടുവകളെ തകർത്ത് ഇന്ത്യ പൂൾ ചാമ്പ്യന്മാരായി സെമിയിലേക്ക് എത്തി. ഒക്ടോബർ നാലിനാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഇന്ത്യ ഗോൾ വല ചലിപ്പിച്ചു തുടങ്ങി. നായകൻ ഹർമ്മൻപ്രീത് സിംഗ് വഴിയായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ. തൊട്ടടുത്ത മിനിറ്റിൽ ഹർമ്മൻപ്രീത് വീണ്ടും വലചലിപ്പിച്ചു. നാല് മിനിറ്റിൽ ഇന്ത്യ 2-0ത്തിന് മുന്നിലായി. പെനാൽറ്റി കോർണർ വഴിയായിരുന്നു ഇന്ത്യയുടെ രണ്ട് ഗോളുകളും പിറന്നത്. പിന്നീട് കുറച്ച് സമയം ബംഗ്ലാദേശ് താരങ്ങൾക്ക് ആശ്വാസം ലഭിച്ചു. ആദ്യ ക്വാർട്ടറിൽ വീണ്ടും ഗോൾ പിറന്നില്ല. എങ്കിലും പന്തിന്റെ നിയന്ത്രണം ഇന്ത്യൻ താരങ്ങളുടെ സ്റ്റിക്കുകളിലായിരുന്നു.

രണ്ടാം ക്വാർട്ടർ തുടങ്ങിയതും ഇന്ത്യ വീണ്ടും ഗോൾ വേട്ട തുടങ്ങി. 17-ാം മിനിറ്റിൽ മൻപ്രീത് സിംഗ് മൂന്നാം ഗോൾ നേടി. അഭിഷേകിന്റെ മികച്ച ഒരു സ്ക്വയറിലൂടെയാണ് മൂന്നാം ഗോൾ പിറന്നത്. 23-ാം മിനിറ്റിൽ വീണ്ടും അഭിഷേകിന്റെ നിസ്വാർത്ഥ പ്രകടനം. ഇത്തവണ ലളിത് കുമാർ ഉപാധ്യയാണ് വലചലിപ്പിച്ചത്. തൊട്ടടുത്ത മിനിറ്റിൽ മൻദീപ് സിംഗിന്റെ രണ്ടാം ഗോൾ പിറന്നു. ഇന്ത്യൻ സ്കോർ 5-0. 28-ാം മിനിറ്റിൽ അമിത് രോഹിദാസിന്റെ ഊഴമായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ 6-0ത്തിന് മുന്നിലെത്തി.

മൂന്നാം ക്വാർട്ടറിന്റെ തുടക്കത്തിൽ ഇന്ത്യയുടെ ഏഴാം ഗോൾ പിറന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിന്റെ ഹാട്രിക് കൂടിയായിരുന്നു അത്. പിന്നീട് കുറച്ച് സമയം പിടിച്ചുനിൽക്കാൻ ബംഗ്ലാദേശിന് കഴിഞ്ഞു. തുടർച്ചയായുള്ള ഇന്ത്യൻ ആക്രമണങ്ങളെ ബംഗ്ലാദേശ് പ്രതിരോധിച്ചു നിന്നു. എന്നാൽ കടുവകളുടെ പ്രതിരോധം അധികം നീണ്ടില്ല. 41-ാം മിനിറ്റിൽ അഭിഷേകിന്റെ 25 യാർഡ് സൈഡിൽ നിന്നുള്ള കിടിലൻ ഷോട്ട് ഇന്ത്യയുടെ ലീഡ് ഉയർത്തി. മൂന്നാം ക്വാർട്ടർ ഇന്ത്യ എട്ട് ഗോളിന്റെ ലീഡോടെ അവസാനിപ്പിച്ചു.

നാലാം ക്വാർട്ടറും ഇന്ത്യൻ ഗോളോടെയാണ് തുടങ്ങിയത്. ഇത്തവണ മൻദീപ് സിംഗ് ഹാട്രിക് പൂർത്തിയാക്കി. പിന്നെ അധികം താമസിച്ചില്ല. ഇന്ത്യൻ ഗോൾ നില രണ്ടക്കം കടന്നു. അഭിഷേകിന്റെ ഗോൾ ശ്രമം പരാജയപ്പെട്ടപ്പോൾ നീലകണ്ഠ ശർമ്മ സ്കോർ ചെയ്തു. അപ്പോഴും മത്സരം തീരാൻ 13 മിനിറ്റ് ബാക്കിയുണ്ടായിരുന്നു. കുറച്ച് സമയം പിടിച്ച് നിന്ന ശേഷം ബംഗ്ലാദേശിന്റെ വല വീണ്ടും ചലിച്ചു. 56-ാം മിനിറ്റിൽ സമിതിന്റേതായിരുന്നു ഇത്തവണത്തെ ഊഴം. തൊട്ടടുത്ത മിനിറ്റിൽ തന്നെ ഇന്ത്യയുടെ 12-ാം ഗോളും വന്നു. അഭിഷേക് ആയിരുന്നു ഗോൾ നേടിയത്. അവസാന നിമിഷം വരെ ഇന്ത്യയുടെ ഗോൾ ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ബംഗ്ലാദേശിനെ 12-0ത്തിന് തകർത്തതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആകെ ഗോൾ നേട്ടം 58 ആയി. വഴങ്ങിയത് വെറും അഞ്ച് ഗോൾ മാത്രം.

dot image
To advertise here,contact us
dot image